വൈപ്പിൻ : കടമക്കുടിയിൽ ഇനി കുടിവെള്ളം മുടങ്ങില്ല. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആരംഭിച്ച പദ്ധതി വിപുലീകരണം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. കടമക്കുടിയിലെ പഴയ ജലവിതരണ ശൃംഖല മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ചാണ് പദ്ധതി വിപുലീകരിച്ചത്. 2036 വരെ സുഗമമായി കുടിവെള്ളം വിതരണം ചെയ്യാനാകും. ജലജീവൻ പദ്ധതിയുടെ ഭാഗമായി 446 വീടുകളിൽ കൂടി പൈപ്പ് കണക്ഷൻ ലഭ്യമാക്കുന്നതോടെ കുടിവെള്ളം പൈപ്പിലൂടെ സമ്പൂർണ്ണമയും ലഭ്യമാകുന്ന പഞ്ചായത്ത് എന്ന നേട്ടം കടമക്കുടിക്ക് സ്വന്തമായി.എട്ട് മാസം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കിയത്. 4545 വീടുകളിൽ 4099 വീടുകളിലേയും കണക്ഷൻ പുതിയ പൈപ്പിട്ട് നവീകരിച്ചു. 22പൊതുടാപ്പുകൾ പുതിയതായി സ്ഥാപിച്ചു. ശേഷിക്കുന്ന 446 വീടുകളിൽ കണക്ഷൻ നൽകുന്നതിനായി 48 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.കോതാട് കെ.കെ.പി സഭ ഹാളിൽ നടന്ന ചടങ്ങിൽ എസ് ശർമ്മ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ടെക്‌നിക്കൽ മെമ്പർ ജി ശ്രീകുമാർ,ഹൈബി ഈഡൻ എം പി , കിഫ്ബി ചീഫ് എക്‌സി. ഓഫീസർ കെ എം എബ്രഹാം , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ആന്റണി , പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു, അലക്‌സ് കണ്ണമല, സോന ജയരാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.