
മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂവാറ്റുപുഴ ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. അശാസ്ത്രീയമായ ട്രാഫിക് നിയന്ത്രമാണ് ജംഗ്ഷൻ അപകട മേഖലയാകാൻ കാരണമെന്നാണ് ആക്ഷേം. കഴിഞ്ഞ ദിവസം ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ ജീവൻ പൊലിഞ്ഞിരുന്നു. രണ്ട് സ്പീഡ് ബ്രേക്കറുകൾ റോഡിന് കുറുകെ ചേർത്തു വയ്ക്കേണ്ടതിന്നു പകരം ചെറിയ വാഹനങ്ങൾക്ക് കടന്നു പോകും വിധമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതു മൂലം ഇരുചക്രവാഹനങ്ങളും, ചെറുവാഹനങ്ങളും നിയന്ത്രണമില്ലാതെ ഇതുവഴി കടന്നു പോകുന്നതാണ് അപകടത്തിന് വഴിവയ്ക്കുന്നത്.
കോതമംഗലത്ത് നിന്ന് നഗരത്തിലേക്ക് എത്തുന്ന എല്ലാ വാഹനങ്ങളും വൺവേയിലൂടെ തിരിഞ്ഞ് റോട്ടറി റോഡ്, എവറസ്റ്റ് കവല വഴിയാണ് നേരത്തെ പോയിരുന്നത്. എന്നാൽ അടുത്തിടെ ചെറിയ വാഹനങ്ങൾ, വൺവെ ജംംഗ്ഷനിൽ നിന്നും തിരിയാതെ നേരെ കീച്ചേരി പടിയിലെത്തി നഗരത്തിലേക്ക് പ്രവേശിക്കുന്ന തരത്തിൽ ഗാതാഗത നിയന്ത്രണത്തിൽ മാറ്റം വരുത്തി. ചിലരുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ് ഗതാഗ നിയന്ത്രണത്തിൽ മാറ്റം വരുത്തിയതെന്നും ആക്ഷേപമുണ്ട്.അതേസമയം ജംഗ്ഷനിൽ വഴിവിളക്കുകളും റിഫ്ലക്ടർ സൈൻ ബോർഡുകളും ഇല്ലാത്തതതും അപകടം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.