maneed

പിറവം: മണീട് കുടുംബാരോഗ്യ കേന്ദ്രം ഓൺലൈൻ പ്ലാറ്റ്ഫോം വഴി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിക്കും. അനൂപ് ജേക്കബ് എം.എൽ.എ. ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ് ,വൈസ് പ്രസിഡന്റ് വി.ജെ.ജോസഫ് ,വിവിധ ജനപ്രതിനിധികൾ ,ഉദ്യോഗസ്ഥർ എന്നിവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കും. ആർദ്രം മിഷൻ പദ്ധതിയുടെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.

രോഗി സൗഹൃദമാകും

കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്ന മണീട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ കൂടുതൽ രോഗീ സൗഹൃദമാകും. ഇതോടെ ആശുപത്രിയുടെ പ്രവർത്തന സമയം വൈകീട്ട് ആറ് വരെയാകും. കൂടുതൽ പാരാമെഡിക്കൽ ജീവനക്കാരെ നിയമിക്കും. പ്രതിദിന ജീവിത ശൈലി രോഗ ക്ലിനിക്കുകൾ, പരിശോധന മുറികൾ ,ഡോക്ടർമാരെ കാണുന്നതിനു മുമ്പ് നേഴ്സുമാർ മുഖേനയുള്ള പ്രീ-ചെക്കപ്പ്, ആസ്തമ ,ശ്വാസതടസ എന്നിവയ്ക്കുള്ള ശ്വാസ് ക്ലിനിക്ക്, മാനസിക ആരോഗ്യപരിപാലനത്തിന് ആശ്വാസ് ക്ലിനിക് ,ഫീൽഡ് തലത്തിൽ സമ്പൂർണ മാനസിക ആരോഗ്യപരിപാലന പദ്ധതി, എല്ലാ ദിവസവും ഉച്ചക്കഴിഞ്ഞ് പ്രവർത്തിക്കുന്ന ഉപകേന്ദ്രം എന്നിവയാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ

തുടക്കം 1972 ൽ

1972 ലാണ് മണീട് പ്രാഥമികാരോഗ്യകേന്ദ്രം ആരംഭിച്ചത്. കാലപ്പഴക്കത്താൽ ജീർണിച്ച ആശുപത്രിയെ പിന്നീട് ജില്ലയിലെ ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രമാക്കി ഉയർത്തി. സർക്കാരിന്റെ സാമ്പത്തിക സഹായങ്ങളൊന്നുമില്ലാതെ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിൽ ഗ്രാമപഞ്ചായത്താണ് നവീകരിച്ചത്. പ്രസിഡന്റ് ശോഭ ഏലിയാസും വൈസ് പ്രസിഡന്റ് വി.ജെ.ജോസഫും,ഭരണ പ്രതിപക്ഷ ഭേദമില്ലാതെ മുഴുവൻ അംഗങ്ങളും ഒത്തരമയോടെ പ്രവൃത്തിച്ചു. മെഡിക്കൽ ഓഫീസർ ഡോ. വിപിൻ മുന്നിലുണ്ടായിരുന്നു. 1.60ലക്ഷം രൂപയാണ് നവീകരണത്തിനായി ചെവഴിച്ചത്.

പ്രത്യേകതകൾ

വനിതാ ജിംനേഷ്യം

ഫാർമസി മെഡിസിൻ ഡിസ്പെൻസിംഗ് യൂണിറ്ര്

വെയിറ്റിംഗ് ഏരിയ

ഒബ്സർവേഷൻ ഐ.പി ബ്ലോക്ക്

പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രം

ഇൻഡോർ പ്ലേസ്റ്റേഷൻ

ഇമ്മ്യൂമ്യൂണൈസേഷൻ റൂം

മുലയൂട്ടൽ കേന്ദ്രം

ക്ലിനിക്കൽ ലബോറട്ടറിക്ക് പ്രത്യേക ടോയ്ലറ്റ് ബ്ലോക്ക്

ആശുപത്രി ഓഫീസ്

പൊതുജനാരോഗ്യ വിഭാഗം ഓഫീസ്

ഡൈനിംഗ് റൂം

കോൺഫറൻസ് ഹാൾ