benny-behanan

പെരുമ്പാവൂർ : രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നേരെയുണ്ടായ അക്രമം രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്ക് സംഭവിച്ച ക്ഷതമെന്ന് ബെന്നി ബഹനാൻ എം.പി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ജവഹർലാൽ നെഹ്രുവിന്റെ പിൻ തലമുറയെ ഭയമുള്ളത് കൊണ്ടാണ് യോഗി സർക്കാർ അവരെ തടഞ്ഞത്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വന പ്രകാരം സംഘടിപ്പിച്ച പ്രതിപക്ഷ ഇന്ത്യ രാഹുൽ ഗാന്ധിയോടൊപ്പം സത്യാഗ്രഹ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരമായ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്‌ നീതി ഉറപ്പാക്കുക എന്ന്‌ ആവശ്യപ്പെട്ടും കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവർക്കും എതിരായ യു.പി പോലീസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ചുമാണ് സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്. ജില്ലയിലെ നാല് കേന്ദ്രങ്ങളിലാണ് സമരം നടത്തിയത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.എം സക്കീർ ഹുസൈൻ, മാത്യു കുഴൽനാടൻ, കെ.പി.സി.സി സെക്രട്ടറി കെ.എം സലിം എന്നിവരാണ് സത്യാഗ്രഹ സമരം നടത്തിയത്. എൻ.എ റഹിം സ്വാഗതവും ഷെയ്ഖ് ഹബീബ് നന്ദിയും പറഞ്ഞു.