north-paravur-tb

പറവൂർ: ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പറവൂരിലെ പൊതുമരാമത്ത് വിശ്രമകേന്ദ്രം ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. സംസ്ഥാന ബഡ്ജറ്റിലും വി.ഡി. സതീശൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും ഉൾപ്പെടെ 787 ലക്ഷം രൂപ ചെവഴിച്ചാണ് വിശ്രമ കേന്ദ്രം നിർമ്മിച്ചത്. 21516 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ആറൂ സ്യൂട്ട് മുറികളും പന്ത്രണ്ട് സാധാരണ മുറികളുമുണ്ട്. താഴത്തെ നിലയിൽഒരേ സമയം 65 പേർക്ക് ഇരിക്കാവുന്ന റസ്റ്റോറന്റും ഏറ്റവും മുകളിത്ത നിലയിൽ 350 പേർക്ക് പങ്കെടുക്കാവുന്ന ഓഡിറ്റോറിയവും വിശാലമായ സ്റ്റേജും സൗണ്ട് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്.

വിവാഹങ്ങൾക്കും മറ്റു പൊതു ആവശ്യങ്ങൾക്കും ഓഡിറ്റോറിയം ഉപയോഗിക്കുന്നവർക്ക് ഭക്ഷണം കഴിക്കാവുന്നതാരത്തിൽ ഏറ്റവും താഴത്തെ നിലയിൽ വിശാലമായ ഹാളും വിശ്രമ കേന്ദ്രത്തിലുണ്ട്. സർക്കാർ നിശ്ചയിക്കുന്ന മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ഹാളും മറ്റ് സൗകര്യങ്ങളും ലഭ്യമാകും. ജനറേറ്റർ സൗകര്യത്തോടേയും ക്ലോസ്ഡ് സർക്യൂട്ട് ടി.വി, ഫയർ റെസ്ക്യൂ സംവിധാനങ്ങൾ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവ ഉൾപ്പെടെ ആധുനിക രീതിയിലാണ് വിശ്രമകേന്ദ്രം നിർമ്മിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരിക്കും.