ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിലെ ഒന്ന്, 15 ,16 ,17 വാർഡുകളിൽ തെരുവുനായ് ശല്യം രൂക്ഷമായതോടെ അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ കൈയ്യിൽ വടിയും കല്ലും കരുതേണ്ട അവസ്ഥയിലായി. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാർ പലവട്ടം പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
ഇന്നലെ ഉച്ചയോടെ 16 -ാം വാർഡിലെ മെറ്റൽ ക്രഷർ റോഡ് (കെ.എസ്.ഇ.ബിക്ക് സമീപം) തെരുവുനായ നിരവധി ഇരുചക്രവാഹനക്കാരെ പിന്നാലെ എത്തി ആക്രമിക്കാൻ ശ്രമിച്ചു. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്തെ പ്രഭാതസവാരിക്കിറങ്ങുന്നവർ കൈയിൽ വടിയും കല്ലും നടക്കുന്നത്. മെറ്റൽ ക്രഷറർ റോഡിൽ അറവുശാല മാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും തള്ളുന്നതാണ് ഇവിടെ തെരുവുനായ്ക്കൾ തമ്പടിക്കാൻ കാരണം. റോഡിന്റെ ഇരുവശങ്ങളിലും കാടുകയറി കിടക്കുന്നതിനാൽ രാത്രിയുടെ മറവിലാണ് മാലിന്യം തള്ളൽ.ഇന്നലെയും തെരുവ് നായകളുടെ ശല്യം നേരിട്ടതിനെ തുടർന്ന് നാട്ടുകാർ കടുങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിക്കും, പ്രസിഡന്റിനും, ബിനാനിപുരം പൊലീസ് സ്റ്റേഷനിലും, ജില്ലാ കളക്ടർക്കും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പരാതി നൽകി. രണ്ടുദിവസത്തിനുള്ളിൽ തെരുവുനായ വിഷയത്തിൽ നടപടിയെടുക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി നാട്ടുകാരെ അറിയിച്ചിട്ടുണ്ട്.