
പള്ളുരുത്തി: ഹോംസ്റ്റേകളെ വാണിജ്യ വിഭാഗത്തിൽ നിന്നും ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം. റസിഡൻഷ്യൽ ഹോംസ്റ്റേ എന്ന പ്രത്യേക വിഭാഗത്തിൽ ഇവയെ ഉൾപ്പെടുത്തും. വീടിനൊപ്പമുള്ള മുറികളിൽ ടൂറിസ്റ്റുകൾക്ക് താമസ സൗകര്യം നൽകുന്ന കെട്ടിടങ്ങളെയാണ് റസിഡൻഷ്യൽ ഹോംസ്റ്റേ എന്ന പുതിയ വിഭാഗത്തിൽ ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതു പ്രകാരം നഗരസഭയിലുള്ള റസിഡൻഷ്യൽ ഹോംസ്റ്റേകളുടെ വസ്തു നികുതി ചതുരശ്ര മീറ്ററിന് ചുരുങ്ങിയത് 15 രൂപയും പരമാവധി 35 രൂപയുമാണ്. പഞ്ചായത്തുകളിൽ ഇത് 10 ഉം 25 ആയിരിക്കും. നിലവിൽ ഇത് 40 ഉം 60ഉം ആയിരുന്നു.
വിജ്ഞാപനത്തോടു കൂടി നഗരസഭകളിൽ ഏകീകൃത നിരക്ക് നിലവിൽ വരും. പതിനായിരത്തോളം ഹോം സ്റ്റേ ഉടമകൾക്ക് ഇത് ആശ്വാസമേകും.സർക്കാർ തീരുമാനം ഗ്രാമീണ ടൂറിസം മേഖലയിൽ വലിയൊരു മാറ്റമുണ്ടാകുമെന്ന് കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ഡയറക്ടർ എം.പി.ശിവദത്തൻ പറഞ്ഞു.
ഇതോടൊപ്പം ഇന്ന് 10 മണിക്ക് ടൂറിസം ഓൺലൈൻ വർക്ക്ഷോപ്പും നടത്തും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്തുള്ള വിവിധ ഹോംസ്റ്റേ സംരംഭകർ പങ്കെടുക്കും. ടൂറിസം ഡയറക്ടർ ബാലകിരൺ, കോ ഓർഡിനേറ്റർ രൂപേഷ് കുമാർ എന്നിവർ ക്ളാസുകൾ നയിക്കും. ഹോം സ്റ്റേകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയുന്നതിനായി ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാർ വിളിച്ചു ചേർത്ത യോഗത്തിലെ നിർദേശങ്ങൾ പരിഗണിച്ചാണ് സർക്കാർ നികുതി കുറച്ചത്.
ഹോംസ്റ്റേകൾക്ക് കൊമേഴ്സ്യൽ താരിഫ് ഈടാക്കി വരുന്നത് ടൂറിസം മേഖലയിൽ പ്രയാസം സൃഷ്ടിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത് കേരളകൗമുദിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.