
കൊച്ചി: കേരള ഹൈക്കോടതിയിലെ മലയാളിയായ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് എറണാകുളം കോമ്പാറ ജ്യോതിസിൽ കെ.കെ. ഉഷ (81) അന്തരിച്ചു. വീട്ടിൽ വീണ് നട്ടെല്ലിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ഹൃദയാഘാതമുണ്ടായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ഇന്നലെ വൈകിട്ട് 6.33 ന് അന്ത്യം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 9.30ന് വീട്ടിൽ കൊണ്ടുവരും. ഉച്ചയ്ക്ക് 12.30ന് എറണാകുളം രവിപുരം ശ്മശാനത്തിൽ സംസ്കാരം.
ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ. സുകുമാരൻ ഭർത്താവാണ്. ഇന്ത്യയിലെ ആദ്യത്തെ ന്യായാധിപ ദമ്പതികളാണ്. മക്കൾ: ലക്ഷ്മി (സയന്റിസ്റ്റ്, അമേരിക്ക), കാർത്തിക (ഹൈക്കോടതി അഭിഭാഷക). മരുമക്കൾ: ഗോപാൽ രാജേഷ് (ജേർണലിസ്റ്റ്), ശബരിനാഥ് (ജേർണലിസ്റ്റ്, ടൈംസ് ഒഫ് ഇന്ത്യ, ജയ്പൂർ)
1961ൽ അഭിഭാഷകയായി എൻറോൾ ചെയ്തു. 1979 ൽ കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായി. 91 ഫെബ്രുവരി 25 മുതൽ 2000 വരെ ഹൈക്കോടതിയിൽ ജഡ്ജിയും തുടർന്ന് 2001 ജൂലായ് മൂന്നുവരെ ചീഫ് ജസ്റ്റിസുമായിരുന്നു.
അഭിഭാഷക മണ്ഡലത്തിൽ നിന്ന് ഹൈക്കോടതിയിൽ ജഡ്ജിയാകുകയും പിന്നീട് ചീഫ് ജസ്റ്റിസാകുകയും ചെയ്ത ആദ്യ വനിതയാണ്. ഹൈക്കോടതിയിൽ നിന്ന് വിരമിച്ചശേഷം 2004 വരെ ഡൽഹി ആസ്ഥാനമായ കസ്റ്റംസ്, എക്സൈസ്, സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. ആലുവയിലെ ശ്രീനാരായണ സേവികാ സമാജത്തിന്റെ മുഖ്യ ചുമതലക്കാരിയായിരുന്നു.