award

കൊച്ചി : സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാഡമി സ്വജനപക്ഷപാതം കാണിക്കുന്നെന്നാരോപിച്ച് ചലച്ചിത്ര പ്രവർത്തകരായ സതീഷ് ബാബുസേനൻ, ഷിനോസ് റഹ്മാൻ, സംഗീത സംവിധായകൻ കെ. സന്തോഷ് എന്നിവർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

അക്കാഡമി ചെയർമാനും സംവിധായകനുമായ കമലിന്റെ മകൻ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ഒമ്പത് എന്ന സിനിമയെ അവാർഡിനു പരിഗണിക്കാൻ ഉൾപ്പെടുത്തിയതു ചൂണ്ടിക്കാട്ടിയായി​രുന്നു ഹർജി.ജൂറി അംഗങ്ങളെ ശുപാർശ ചെയ്യുന്നത് അക്കാഡമി ഭാരവാഹികളാണെന്നും അവാർഡ് നിർണയം നിഷ്പക്ഷമാവില്ലെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. എന്നാൽ,ജൂറി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. അവാർഡിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കുന്നത് ജൂറിയാണ്. അക്കാഡമി ഭാരവാഹികൾക്ക് ഇതിനെ സ്വാധീനിക്കാൻ കഴിയുമെന്ന വാദത്തിൽ കഴമ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.