വിയോഗം താങ്ങനാവാതെ ശ്രീനാരായണ ഗിരിയിലെ അന്തേവാസികൾ
ആലുവ: റിട്ട. ജസ്റ്റിസ് കെ.കെ. ഉഷയുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ തേങ്ങുകയാണ് തോട്ടുമുഖം ശ്രീനാരായണ ഗിരിയിലെ 200 ഓളം അന്തേവാസികളും ജീവനക്കാരും. അവർക്കെല്ലാം ജസ്റ്റിസ് കെ.കെ. ഉഷ ആന്റിയും അമ്മയുമായിരുന്നു. വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന്റിയുടെ മരണം അപ്രതീക്ഷിതവും വേദനയുമായി.
ശ്രീനാരായണ ഗിരി സേവിക സമാജം സ്ഥാപക പാർവ്വതി അയ്യപ്പന്റെ സഹോദരിയുടെ മകളായ കെ.കെ. ഉഷ ജസ്റ്റിസ് പദവിയിലെത്തിയ ശേഷം മാത്രമാണ് ഗിരിയുടെ ഔദ്യോഗിക ചുമതലകളിൽ നിന്നും മാറിയിട്ടുള്ളത്. പാർവ്വതി അമ്മക്കൊപ്പം ചെറുപ്പത്തിലെ തന്നെ സജീവമായി ഗിരിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. കൊച്ചിയിൽ അഭിഭാഷക ജോലി ചെയ്യുമ്പോൾ തന്നെ ഗിരിയുടെ ബോർഡ് മെമ്പറും പിന്നീട് സെക്രട്ടറിയുമായി. ജസ്റ്റിസ് ചുമതല വഹിച്ചപ്പോഴാണ് സെക്രട്ടറി പദവി ഒഴിഞ്ഞത്. വിരമിച്ചപ്പോൾ വീണ്ടും ഗിരിയുടെ വൈസ് പ്രസിഡന്റായി. രണ്ട് പതിറ്റാണ്ടോളമായി ഈ പദവിയിലാണ്. പാർവതി അയ്യപ്പന്റെ മകൾ ഐഷ ഗോപാലകൃഷ്ണനാണ് ഗിരിയുടെ പ്രസിഡന്റ് എങ്കിലും എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് കെ.കെ. ഉഷയായിരുന്നു.
കൊവിഡ് ആരംഭിക്കുന്നതിന് മുമ്പ് മാർച്ച് ആദ്യവാരമാണ് കെ.കെ. ഉഷ അവസാനമായി ഗിരിയിലെത്തിയത്. അതിന് മുമ്പ് മാസത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലുമെത്തും. എപ്പോൾ ഗിരിയിലെത്തിയാലും എല്ലാവരെയും നേരിൽ കണ്ട് സംസാരിക്കും. സ്വകാര്യ ദു:ഖങ്ങൾ പോലും ചോദിച്ചറിഞ്ഞ് പരിഹരിക്കും. 21 വയസ് വരെയുള്ള കുട്ടികൾ താമസിക്കുന്ന ആനന്ദഭവൻ, 59 വയസുവരെയുള്ളവരുടെ ശാന്തിമന്ദിരം, അതിന് മുകളിൽ പ്രായമുള്ളവരുടെ വൃദ്ധസദനം എല്ലായിടത്തും കെ.കെ. ഉഷ കയറിയിറങ്ങും. രണ്ട് പെൺമക്കളുള്ള കെ.കെ. ഉഷക്ക് ഗിരിയിലെ എല്ലാവരും സ്വന്തം മക്കളെ പോലെയായിരുന്നു. സർവീസിൽ നിന്നും വിരമിച്ച ശേഷം ഊണിലും ഉറക്കത്തിലും ശ്രീനാരായണ ഗിരിയെ കുറിച്ച് മാത്രമായിരുന്നു ചിന്ത. ഗിരിയെ സംബന്ധിച്ച അവസാനവാക്കും അവരുടെതാണ്. എന്തോ ശൂന്യത അനുഭവപ്പെടുന്നതായി അന്തേവാസികൾ പറയുന്നു.
മടക്കം സ്വപ്നപദ്ധതി പൂർത്തിയാകും മുമ്പേ
ശ്രീനാരായണ ഗിരിയിലെ സ്വപ്നപദ്ധതി പൂർത്തിയാക്കും മുമ്പേയാണ് റിട്ട. ജസ്റ്റിസ് കെ.കെ. ഉഷയുടെ അന്ത്യം. രണ്ടര കോടി രൂപ ചെലവിൽ നാല് നിലകളിലുള്ള ഡോർമെറ്ററിയുടെ നിർമ്മാണമാണ് നടക്കുന്നത്. ഡിസംബറിൽ പൂർത്തീകരിച്ച് 2021 ജനുവരിയിൽ ഉദ്ഘാടനം നടത്തണമെന്ന ധാരണയിൽ ഒന്നര വർഷം മുമ്പാണ് നിർമ്മാണം ആരംഭിച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് നിർമ്മാണം മന്ദഗതിയിലായെങ്കിലും പരമാവധി വേഗത്തിൽ പൂർത്തീകരിക്കാനുള്ള ശ്രമവും കെ.കെ. ഉഷ നടത്തിയിരുന്നു. ഇതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനും നേതൃത്വം നൽകിയത് ഇവരാണ്.