
കൊച്ചി : കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസ്, മലയാളിയായ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് എന്നിങ്ങനെ ഒരുപിടി അപൂർവ നേട്ടങ്ങളുടെ ഉടമയായിരുന്നു ജസ്റ്റിസ് കെ. കെ. ഉഷ.
2000 നവംബർ 30 ന് തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ജസ്റ്റിസ് ഉഷ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുമ്പോൾ അന്നത്തെ ഗവർണർ സുഖദേവ് സിംഗ് കാംഗാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഭർത്താവും ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് കെ. സുകുമാരൻ ഉൾപ്പെടെയുള്ളവർ മുൻനിരയിലുണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ന്യായാധിപ ദമ്പതികളാണ് ജസ്റ്റിസ് കെ. സുകുമാരനും ജസ്റ്റിസ് കെ.കെ. ഉഷയും.
ഇടപെടലുകൾ ചരിത്ര ദൗത്യം
സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ജസ്റ്റിസ് ഉഷ ,അതൊരു നിയോഗമായാണ് ഏറ്റെടുത്തത്. എല്ലാത്തരത്തിലുമുള്ള സ്ത്രീ വിവേചനങ്ങൾക്കെതിരെ ജർമ്മനിയിൽ നടത്തിയ അന്താരാഷ്ട്ര കോൺഫറൻസിലടക്കം പങ്കെടുത്ത ജസ്റ്റിസ് ഉഷ തന്റെ പ്രവർത്തന മേഖലയിൽ സ്ത്രീകളുടെ ഉന്നമനത്തിന് മുഖ്യ പ്രാധാന്യം നൽകി.
കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായ സുജാത മനോഹറിനു ശേഷമാണ് ഇൗ പദവിയിലേക്ക് ഉഷയെത്തുന്നത്. ന്യായാധിപയുടെ റോളിൽ നിന്ന് വിരമിച്ച ശേഷം 2005 ൽ ഇന്ത്യൻ പീപ്പിൾസ് ട്രിബ്യൂണൽ (ഐ.പി.ടി) പാനലിൽ അംഗമായിരുന്നു. ഒറീസയിലെ സാമുദായിക സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ നേതൃത്വം നൽകിയ ഇൗ പാനൽ പിന്നീടു മണിപ്പൂരിലെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചും അന്വേഷിച്ചു. ഒടുവിൽ , നിലവിലെ സായുധ സേനാ നിയമം റദ്ദാക്കാൻ ശുപാർശ സമർപ്പിച്ചു.
സാമൂഹ്യ വിപ്ളവ പാരമ്പര്യം
സഹോദരൻ അയ്യപ്പന്റെ ഭാര്യ പാർവതി അയ്യപ്പന്റെ അമ്മയുടെ അനുജത്തിയുടെ മകളാണ് ജസ്റ്റിസ് കെ.കെ. ഉഷ. തൃശൂരിൽ ജില്ലാ ജഡ്ജിയായിരുന്ന അയ്യാക്കുട്ടിയുടെ മകൾ ലീലയുടെയും കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ എൻജിനീയറായിരുന്ന കുമാരന്റെയും മകൾ. സാമൂഹ്യ മാറ്റങ്ങളുടെയും നീതിബോധത്തിന്റെയും ചിന്താധാരകൾക്കൊപ്പം നിൽക്കാൻ ജസ്റ്റിസ് ഉഷയെ പ്രാപ്തയാക്കിയത് ഇൗ പാരമ്പര്യമാണ്. ഉമ മോഹൻദാസ്, സോമൻ എന്നിവർ സഹോദരങ്ങളാണ്.
ഇന്ത്യയെ പ്രതിനിധീകരിച്ച് ജസ്റ്റിസ് കെ.കെ. ഉഷ
കൊച്ചി: ജർമ്മനിയിലെ ഹാംബർഗിൽ 1975 ൽ നടന്ന ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് വിമെൻ ലായേഴ്സിന്റെ കൺവെൻഷനിൽ ജസ്റ്റിസ് കെ.കെ. ഉഷ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് വിമെൻ ലായേഴ്സും ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് വിമെൻ ഒഫ് ലീഗൽ കരിയറും സംഘടിപ്പിച്ച സ്ത്രീകൾക്കെതിരെയുള്ള എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷനിൽ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു.
2005 ജനുവരി മുതൽ 2006 ഒക്ടോബർ വരെ ഇന്ത്യൻ പീപ്പിൾസ് ട്രൈബ്യൂണൽ അംഗമായി (ഐ.പി.ടി) ഒറീസയിലെ സാമുദായിക സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ നേതൃത്വം നൽകി. 2011 ഡിസംബറിൽ മണിപ്പൂരിലെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചുള്ള ഐ.പി.ടി പാനലിലെ അംഗമായിരുന്നു. യൂണിവേഴ്സിറ്റി വിമെൻസ് അസോസിയേഷൻ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു.