periya-murder

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടിട്ടും ക്രൈംബ്രാഞ്ച് കേസ് ഡയറിയും രേഖകളും കൈമാറിയില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഒക്ടോബർ 30 നു പരിഗണിക്കാൻ മാറ്റി. ഹൈക്കോടതി സിംഗിൾബെഞ്ചും ഡിവിഷൻ ബെഞ്ചും സി.ബി.ഐ അന്വേഷണം ശരി വച്ചിട്ടും രേഖകൾ സി.ബി.ഐയ്ക്കു കൈമാറുന്നില്ലെന്നാരോപിച്ച് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയാണിത്.

ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസാണിതെന്നും അന്വേഷണത്തിന്റെ ആവശ്യത്തിനായി സി.ബി.ഐയ്ക്ക് ആവശ്യമെങ്കിൽ വിചാരണക്കോടതിയിൽ നിന്ന് രേഖകളുടെ പകർപ്പ് എടുക്കാൻ കഴിയുമെന്നും സർക്കാർ വിശദീകരിച്ചു.