കൊച്ചി : കോർപ്പറേഷൻ ഡിവിഷൻ 64ലെ പൈപ്പ് ലൈൻ റോഡിൽ അമൃത് പദ്ധതിയുടെ നിർമ്മാണത്തിൽ അഴിമതിയെന്ന് ആരോപണം. മാസങ്ങൾകൊണ്ട് നിർമ്മിച്ച സൗഹൃദപാത മേയർ സെപ്തംബർ 28ന് ഉദ്ഘാടനം ചെയ്തതിന് ദിവസങ്ങൾക്ക് മുമ്പ് നടപ്പാതയുടെ നല്ലൊരു ഭാഗവും സമീപത്തെ തോട്ടിലേക്ക് മറിഞ്ഞുപോയത് അഴിമതിയുടെ തെളിവാണെന്ന് വി. ഫോർ കൊച്ചി ആരോപിച്ചു.
കൊച്ചി കോർപ്പറേഷൻ വികസനകാര്യ ചെയർപേഴ്‌സൺ ഗ്രേസി ജോസഫിന്റെ ഡിവിഷനിലാണ് നിർമ്മാണം നടന്നത്. യാതൊരു ഗുണനിലവാരവും ഇല്ലാതെയാണ് നടപ്പാത നിർമ്മിച്ചത്. തോടിന് സമീപം പണിത നടപ്പാതയ്ക്ക് വേണ്ടരീതിയിൽ അടിത്തറ നിർമ്മിച്ചില്ല. ഗുണനിലവാരം ഇല്ലാത്ത പണിയുമാണ് നടപ്പാത തകരാൻ കാരണം. നടപ്പാതയുടെ പല ഭാഗങ്ങളിലും വിള്ളലുകൾ രൂപം കൊണ്ടിട്ടുണ്ട് ഇതുമൂലം താമസിയാതെ പല ഭാഗങ്ങളും തോടിലേക്ക് ഇടിയാൻ സാദ്ധ്യതയുണ്ടെന്നും സംഘടന ആരോപിച്ചു.
ജനങ്ങൾക്ക് ഗുണകരമാകേണ്ട അമൃത് പദ്ധതി ഫണ്ട് ദുർവിനിയോഗം ചെയ്യുന്നവർക്കെതിരെ കേസെടുക്കണമെന്ന്ന്നും വി ഫോർ കൊച്ചി ഭാരവാഹികളായ ഫോജി ജോൺ, ജോൺ ജേക്കബ്, വിൻസന്റ് ജോൺ എന്നിവർ ആവശ്യപ്പെട്ടു