
കൊച്ചി: ഉത്പാദനത്തിലും വിപണനത്തിലും പുതിയ റെക്കാഡുമായി നഷ്ടക്കണക്കുകളിൽ നിന്ന് വീണ്ടും പ്രതാപത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് കേന്ദ്ര പൊതുമേഖലാ വളം നിർമ്മാണശാലയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട് ). ഈ വർഷം കമ്പനി 2,750 കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ചു. മുൻ വർഷത്തെക്കാൾ 40 ശതമാനത്തിന്റെ വർദ്ധന. മൂന്നു കോടിയുടെ പ്രവർത്തനലാഭവും നേടി. ഇലക്ട്രോണിക് കോർപ്പറേഷൻ ഒഫ് ഇന്ത്യ (ഇ.സി.ഐ) യിലെ ഫൈനാൻസ് ഡയറക്‌ടറായിരുന്ന കിഷോർ റുംഗ്തയാണ് ഫാക്ടിന്റെ സാരഥി. രാജസ്ഥാൻ സ്വദേശിയായ ഇദ്ദേഹം ഒന്നര വർഷം മുമ്പാണ് ഫാക്ടിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുുമായി ചുമതലയേറ്റത്. ഫാക്ടിന്റെ പുതിയ പ്രവർത്തന പരിപാടികൾ അദ്ദേഹം കേരളകൗമുദിയോട് പങ്കുവച്ചു.
കൊവിഡിൽ തളിർത്തു
കൊവിഡ്, ലോക്ക് ഡൗൺ കാലത്ത് ഉത്പാദനവും വിപണനവും വർദ്ധിച്ചു. കമ്പനി 24 മണിക്കൂറും പ്രവർത്തിക്കുന്നു. 2019-20 ൽ 10.65 ലക്ഷം ടൺ വളം ഉത്പാദിപ്പിക്കാൻ കഴിഞ്ഞത് മികച്ച നേട്ടമായി. ഏഴു ലക്ഷം ടണ്ണിൽ നിന്നായിരുന്നു കുതിച്ചുചാട്ടം.
പെട്രോകെമിക്കൽ ഡിവിഷൻ സജ്ജമാകുന്നു
2012ൽ അടച്ചുപൂട്ടിയ കാപ്രോലാക്ടം പ്ളാന്റ് ഡിസംബറിൽ പ്രവർത്തനമാരംഭിക്കും. പ്ളാന്റ് അടഞ്ഞുകിടന്നപ്പോഴും യന്ത്രസാമഗ്രികൾക്ക് യാതൊരു കേടുപാടും വരാതെ പരിരക്ഷിച്ചു. ഒരു വർഷം അരലക്ഷം ടൺ കാപ്രോലാക്ടം ഉത്പാദിപ്പിക്കാൻ ഫാക്ടിന് കഴിയും.
നൈലോൺ നിർമ്മാണത്തിനുള്ള അസംസ്കൃതവസ്തുവായ ഇത് പ്രതിവർഷം ഒന്നേ കാൽ ലക്ഷം ടൺ ആവശ്യമുണ്ട്. അഞ്ഞൂറ് കോടിയുടെ വിറ്റുവരവാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. 200 ജീവനക്കാരെ പുതുതായി റിക്രൂട്ട് ചെയ്യും.
അന്യസംസ്ഥാനങ്ങളിലേക്ക് ഫാക്ടംഫോസ്
അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം ലഭ്യമായിരുന്ന ഫാക്‌ട് ഉത്പന്നങ്ങൾ ഈ വർഷം പശ്ചിമബംഗാൾ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും എത്തിച്ചു. ഉത്തർപ്രദേശ്, ബീഹാർ, ഗുജറാത്ത് വിപണികളിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് കൊവിഡിന്റെ വരവ്. ഒരു ദിവസം 3500 ടൺ വളമാണ് നിലവിൽ ഉത്പാദനം. മുഴുവനും വിറ്റഴിയുന്നുണ്ട്. കടം നൽകില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
പൊട്ടാഷ് ഇറക്കുമതി
വളം ഇറക്കുമതിയിലേക്ക് കടന്നതാണ് പുതിയ വിശേഷം. പരീക്ഷണാർത്ഥം കഴിഞ്ഞ വർഷം 25,000 ടൺ പൊട്ടാഷ് ഇറക്കുമതി ചെയ്തു. ഈ വർഷം അത് 75,000 ടണ്ണിലെത്തി. ഒരു ലക്ഷം ടൺ ആണ് അടുത്ത ലക്ഷ്യം.
വിപണനം കടൽമാർഗം
അഞ്ഞൂറ് കിലോമീറ്റർ വരെ ദൂരം വളം വിതരണം ട്രക്ക് വഴിയാണ്. ട്രെയിൻ വാഗണുകൾ വഴിയാണ് അധിക വിപണനവും. പശ്ചിമബംഗാളിലേക്ക് ചരക്കെത്തിക്കുന്നത് കടൽമാർഗമാണ്.
ഫൈനാൻസ് പരിചയം തുണച്ചു
ആയിരം കരാർ തൊഴിലാളികളുൾപ്പെടെ മൂവായിരം ജീവനക്കാരുണ്ട്. തൊഴിൽ സമരങ്ങൾ ഇല്ലാതായി. കമ്പനി കോർപ്പറേറ്റ് സംസ്കാരത്തിലേക്ക് മാറി. ധനകാര്യ മേഖലയിലെ പരിചയസമ്പത്ത് ധൃതഗതിയിൽ തീരുമാനങ്ങളെടുക്കാൻ സഹായമായി. ഉത്പാദനം പരമാവധി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുന്നു.