justice-k-k-usha

സൗമ്യമായ പെരുമാറ്റത്തിലൂടെ ആരെയും ആകർഷിക്കുന്ന വ്യക്തിത്വം. കഴിഞ്ഞ ദിവസം അന്തരിച്ച ജസ്റ്റിസ് കെ.കെ. ഉഷയെ അനുസ്മരിക്കുമ്പോൾ ആദ്യം പറയേണ്ടതും അതു തന്നെയാണ്. അഭിഭാഷകയായിരിക്കുന്ന കാലം മുതൽ തന്നെ ജസ്റ്റിസ് ഉഷയെ എനിക്കറിയാം. വളരെ കൃത്യമായി തന്റെ വാദം കോടതിയിൽ അവതരിപ്പിക്കാൻ കെ.കെ. ഉഷയ്ക്ക് പ്രത്യേക വൈദഗ്ദ്ധ്യമുണ്ടായിരുന്നു. സർവീസ് മാറ്ററുകളിൽ അവർക്ക് പ്രാവീണ്യമുണ്ടായിരുന്നു. നിരവധി കേസുകളിൽ എതിർ കക്ഷികളായി ഞങ്ങൾ ഹാജരായിട്ടുണ്ട്. അത്തരം കേസുകളിലൊക്കെ അഡ്വ. കെ.കെ. ഉഷയെന്ന അഭിഭാഷകയുടെ തൊഴിൽപരമായ മികവ് അടുത്തറിഞ്ഞു.

ഞങ്ങൾ പരസ്പരം വാദിച്ചതിൽ ഓർമ്മയിലുള്ള ഒരു കേസാണ് പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക സംവരണക്കേസ്. അന്നൊക്കെ ഡി.പി.സി ( ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി) കൃത്യമായി ചേരുന്ന പതിവുണ്ടായിരുന്നില്ല. ഡി.പി.സി ചേരുന്ന സമയത്ത് മുൻകാല പ്രാബല്യത്തോടെയാണ് പ്രൊമോഷൻ നൽകിയിരുന്നത്. ഇതിനിടെയുണ്ടായ സംവരണ - പ്രൊമോഷൻ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വർക്കല മുൻ എം.എൽ.എ സി.കെ. ബാലകൃഷ്‌ണന്റെ മകൻ നൽകിയ ഹർജിയിൽ ഹർജിക്കാരനു വേണ്ടി ഞാനും എതിർ ഭാഗത്ത് കെ.കെ. ഉഷയുമാണ് ഹാജരായത്. ജസ്റ്റിസ് നരേന്ദ്രന്റെ ബെഞ്ചിലും പിന്നീട് ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിലും എന്റെ കക്ഷിക്ക് അനുകൂലമായി വിധി ലഭിച്ചു. അക്കാലത്ത് എതിർ വാദമുഖങ്ങളുമായി കോടതിയിൽ ഏറ്റുമുട്ടിയിരുന്നെങ്കിലും വ്യക്തിപരമായി അങ്ങേയറ്റം സൗഹൃദം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കെ.കെ. ഉഷ. പിന്നീട് കേരള ഹൈക്കോടതി ജഡ്‌ജിയായപ്പോഴും സർവീസ് മാറ്ററുകളിൽ തീർപ്പു കല്പിക്കുന്നതിൽ അവർക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.

ജഡ്ജിയെന്ന നിലയിലും അഭിഭാഷകയെന്ന നിലയിലും മാത്രമല്ല, സാമൂഹ്യ പ്രവർത്തകയെന്ന നിലയിലും അവരുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണ്. സഹോദരൻ അയ്യപ്പന്റെ ഭാര്യ പാർവതി അയ്യപ്പൻ സ്ഥാപിച്ച ആലുവ തോട്ടുമുഖത്തെ ശ്രീനാരായണ സേവികാ സമാജവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിൽ ജസ്റ്റിസ് ഉഷ നടത്തിയിട്ടുള്ള പ്രവർത്തനം അവരുടെ സാമൂഹ്യ ബോധത്തിന്റെയും വനിതകളോടുള്ള കരുതലിന്റെയും സാക്ഷ്യപത്രമാണ്. സാമൂഹ്യ പ്രസക്തിയുള്ള കാഴ്ചപ്പാടുകളാണ് ജസ്റ്റിസ് ഉഷയെ മുന്നോട്ടു നയിച്ചത്. പാർവതി അയ്യപ്പന്റെ സഹോദരിയുടെ മകളാണ് ഉഷ. സാമൂഹ്യ മേഖലകളിലെ അവരുടെ പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജം ഈ പാരമ്പര്യത്തിൽ നിന്ന് ലഭിച്ചതാണ്. എനിക്കു വ്യക്തിപരമായി ഏറെ അടുപ്പമുള്ളയാളായിരുന്നു ജസ്റ്റിസ് ഉഷ. ജുഡിഷ്യറിയിൽ തന്നെ നിരവധി അപൂർവ നേട്ടങ്ങൾക്ക് ഉടമയാണ് അവർ. കേരള ഹൈക്കോടതിയിൽ അഭിഭാഷക മണ്ഡലത്തിൽ നിന്ന് ജഡ്‌ജിയായ ആദ്യ വനിത, കേരള ഹൈക്കോടതിയിലെ മലയാളിയായ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്.. ഇങ്ങനെ ചരിത്രത്തിൽ ഒരുപാടു അപൂർവതകൾ സമ്മാനിച്ചാണ് ജസ്റ്റിസ്കെ.കെ. ഉഷ മൺമറയുന്നത്. അവരുടെ ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമങ്ങൾ.