pension

കൊച്ചി: വിരമിച്ച ബാങ്ക് ജീവനക്കാർക്ക് താങ്ങും തണലുമായി ലളിത വ്യവസ്ഥകളോടെ പുതിയ ഇൻഷ്വറൻസ് പദ്ധതി നവംബർ ഒന്നിന് നിലവിൽ വരും. ഉയർന്ന പ്രീമിയം മൂലം മുൻവർഷങ്ങളിൽ ഇൻഷ്വറൻസ് ഉപേക്ഷിച്ച ആയിരങ്ങൾക്ക് ഒന്നിലേറെ സ്ളാബുകളിൽ ആകർഷകമായ പദ്ധതി ഗുണകരമാകും.

ബാങ്ക് ഉടമകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും (ഐ.ബി.എ) നാഷണൽ ഇൻഷ്വറൻസ് കമ്പനിയും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരമാണ് 2020- 21 കാലയളവിലേക്ക് ബാങ്ക് റിട്ടയറീസ് മെഡിക്കൽ ഇൻഷ്വറൻസ് പോളിസി ഒരുക്കിയത്. കുറഞ്ഞ പെൻഷൻ ലഭിക്കുന്നവർക്ക് ചേരാൻ സഹായകരമായ രീതിയിലാണ് പ്രീമിയം.

പ്രത്യേകതകൾ

ബേസിക് പോളിസിക്ക് ഒരു ലക്ഷം, രണ്ട് ലക്ഷം, മൂന്നു ലക്ഷം, നാലുലക്ഷം എന്ന തോതിൽ സ്ലാബുകൾ

ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ അഞ്ച് സ്ലാബുകളിൽ ടോപ് പോളിസിയും

ഭാര്യയ്കും ഭർത്താവിനും കവറേജ്
കേഡർ വ്യത്യാസമില്ലാതെ ആർക്കും ഏത് സ്ലാബിലും ചേരാം

വിധവകൾക്കും, വിഭാര്യർക്കും സിംഗിൾ പോളിസിക്ക് പ്രീമിയത്തിൽ 40 ശതമാനം ഇളവ്

ഇതുവരെ മെഡിക്കൽ ഇൻഷ്വറൻസ് പോളിസിയിൽ ചേരാത്തവർക്കും പുതുതായി പോളിസിയിൽ അവസരം

ബാങ്കുകളിൽ പുതുക്കാം


• പോളിസി പുതുക്കുന്നതിനും പുതുതായി ചേരുന്നതിനും അപേക്ഷാഫോമുകൾ ബാങ്കുകളുടെ ശാഖകളിൽ ലഭിക്കും
• ഒക്ടോബർ 16 നകം അപേക്ഷകൾ പൂരിപ്പിച്ച് റീജിയണൽ ഓഫീസുകൾ, ഹെഡ് ഓഫീസുകൾ എന്നിവിടങ്ങളിൽ നൽകണം.
• ബേസ് പോളിസിയുടെയും ടോപ് പോളിസിയുടെയും പ്രീമിയം തുക പെൻഷൻ അക്കൗണ്ടിലുണ്ടാകണം.
• ഒക്ടോബർ 28 നോ അതിനടുത്ത ദിവസങ്ങളിലോ പ്രീമിയം അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യും

• വിവരങ്ങൾക്ക് ഹെൽപ്പ് ഡെസ്‌ക് : 9446536352

എല്ലാവർക്കും സുരക്ഷ
കഴിഞ്ഞ വർഷങ്ങളിൽ മൂന്ന് ലക്ഷത്തിനും നാലു ലക്ഷത്തിനും കവറേജുള്ള പോളിസികളാണ് നടപ്പാക്കിയിരുന്നത്. കൂടിയ പ്രീമിയം തുക അടയ്ക്കാൻ കഴിയാത്തതിനാൽ താഴ്ന്ന പെൻഷൻ ലഭിക്കുന്ന തൂപ്പുകാർ, സബോർഡിനേറ്റ് സ്റ്റാഫ്, കുടുംബപെൻഷൻകാർ എന്നിവർക്ക് ചേരാൻ കഴിഞ്ഞിരുന്നില്ല. ഒരു ലക്ഷം രൂപ മുതൽ കവറേജുള്ളതിനാൽ പുതിയ പോളിസിയിൽ എല്ലാവർക്കും ചേരാൻ കഴിയും. .

കെ. ശ്രീനിവാസൻ.
ജനറൽ സെക്രട്ടറി
ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ