
കൊച്ചി : ടൈറ്റാനിയം അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെയും സി.ബി.ഐയുടെയും വിശദീകരണം തേടി.
ട്രാവൻകൂർ ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് 120 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് പരാതി. ടൈറ്റാനിയം മുൻ ജീവനക്കാരനും ,ജനറൽ ലേബർ യൂണിയൻ വൈസ് പ്രസിഡന്റുമായ എസ്. ജയനാണ് ഹർജിക്കാരൻ.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവർ ആരോപണ വിധേയരായ കേസിൽ അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് സർക്കാർ പലതവണ കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടും നടപടിയുണ്ടായില്ല. അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണത്തിന് സി.ബി.ഐ അനിവാര്യമാണെന്നും ഹർജിയിൽ പറയുന്നു.