 
കൊച്ചി: കൊച്ചി നഗരത്തിൽ ഓടാനായി ഓസ ഓൺലൈൻ ഓട്ടോകൾ ആഴ്ചകൾക്കകം നിരത്തിലിറങ്ങും. ഓസ ഓട്ടോ റൈഡ് ബുക്കിംഗ് ആപ്പ് ലോഗോ പ്രകാശനം നടന്നു. എറണാകുളം ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡാണ് 'ഓസ' ഓട്ടോ സവാരി എന്ന ഒരു റൈഡ് ബുക്കിംഗ് ആപ്ലിക്കേഷൻ നടപ്പാക്കുന്നത്. സൊസൈറ്റി പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടെക്‌നോവിയ സി.ഇ.ഒ നിഷാന്ത് രവീന്ദ്രൻ ആപ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
യാത്രക്കാരുടെ വിരൽതുമ്പിൽ ഓട്ടോറിക്ഷാ ലഭ്യമാക്കുന്ന പദ്ധതിയാണ് ഓസ. ടെക്‌നോവിയ ഇൻഫോ സൊലൂഷൻസ് എന്ന സാങ്കേതിക സ്ഥാപനത്തിന്റെ സഹായത്തോടെയാണ് ഓട്ടോസൊസൈറ്റി രൂപീകരിച്ചത്. പ്രാരംഭഘട്ടത്തിൽ ആലുവ മുതൽ പേട്ട വരെയുള്ള പ്രദേശങ്ങളിൽ 1000 ഓട്ടോകളാണ് പരീക്ഷണാടിസ്ഥാനത്തിൽ നിരത്തിലിറക്കുക. ഇതിന് മുന്നോടിയായി ഡ്രൈവർമാർക്ക് പരിശീലനം നടന്നു.
പരീക്ഷണം ആരംഭിക്കുന്ന ഓസ ആപ്പിന്റെ ലോഞ്ചിന് മുന്നോടിയായാണ് ലോഗോ പ്രകാശിപ്പിക്കുന്നത്. യാത്രക്കാരനും ഓട്ടോറിക്ഷാ തൊഴിലാളിയും തമ്മിലുള്ള തർക്കങ്ങൾക്ക് പരിഹരമായാണ് ഓസ നിലവിൽ വരുന്നത്. യാത്രക്കാരന് താൻ നിൽക്കുന്നിടത്ത് തന്നെ ഓട്ടോറിക്ഷ ആവശ്യപ്പെടാം. യാത്രാനിരക്കും യാത്രാസമയവും ഉൾപ്പെടെ വിശദമായ വിവരങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാകും. ഈ ആപ്പിലൂടെ ഓട്ടോ തൊഴിലാളിക്ക് കൂടുതൽ യാത്ര ലഭിക്കുകയും അവരുടെ വരുമാനം മെച്ചപ്പെടുത്താൻ സാധിക്കുകയും ചെയ്യും. അതിനായി ഞങ്ങളുടെ സാങ്കേതിക പങ്കാളിയായ ടെക്‌നോവിയയുമായി ചേർന്ന് യാത്രക്കൂലിക്ക് അപ്പുറമുള്ള വരുമാന മാർഗങ്ങൾ കണ്ടെത്തുവാനുള്ള പദ്ധതികൾ സൊസൈറ്റി വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്റെ ആദ്യ കാൽവെയ്പ്പാണ് ഓസ ആപ്പ്.
പൊതുജനങ്ങൾക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും അനായാസം കൈകാര്യം ചെയാനാവുന്ന വിധമാണ് ഓസ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. കൂടാതെ ഉപയോക്താക്കൾക്ക് യാത്രാക്കൂലി പണമായി ഡ്രൈവർക്ക് കൈമാറുന്നതിന് പുറമെ ആപ്പിൽ ക്രമീകരിച്ചിരിച്ചിട്ടുള്ള ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്തി ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, വാലെറ്റുകൾ വഴിയും പണം കൈമാറാം.