
കൊച്ചി: നയതന്ത്ര സ്വർണക്കടത്തു കേസിൽ വ്യക്തമായ തെളിവുകൾ എൻ.ഐ.എ കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ, മുഖ്യപ്രതികളായ ഫൈസൽ ഫരീദ്, റബിൻസ് ഹമീദ് എന്നിവരെ യു. എ. ഇ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി ഇന്നലെ കോടതിയെ അറിയിച്ചു. അതേസമയം, ഈ പ്രതികളെ അടുത്തെങ്ങും യു. എ.യിൽ നിന്ന് വിട്ടുകിട്ടില്ലെന്നാണ് എൻ. ഐ. എ വിലയിരുത്തുന്നത്. ദുബായ് പൊലീസ് രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എൻ. ഐ.എയുടെ തെളിവ് ശേഖരണത്തിനും കേസന്വേഷണത്തിനും ഇതു തിരിച്ചടിയാവും.
ആഗസ്റ്റിൽ യു. എ.ഇയിൽ പോയ എൻ.ഐ.എ സംഘം ഫൈസലിനെ കാണാൻ പോലും കഴിയാതെ തിരിച്ചു പോരുകയായിരുന്നു. മുഹമ്മദ് ഷാഫി ഉൾപ്പെടെ ആറു പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്താണ് എൻ.ഐ.എ അഭിഭാഷകൻ അറസ്റ്റ് വിവരം ഇന്നലെ കോടതിയെ അറിയിച്ചത്.
ദുബായ് റാഷിദിയ പൊലീസ് ഫൈസലിനെ അറസ്റ്റ് ചെയ്‌തത് ജൂലായ് 20ന് കേരള കൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു.
കോടതിയിൽ അറിയിച്ചത്
ആഗസ്റ്റ് 11, 12 തീയതികളിൽ എൻ.ഐ.എ സംഘം പ്രതികളെ പിടികൂടാൻ യു.എ.ഇയിൽ എത്തി. ഇന്ത്യ - യു.എ.ഇ സൗഹൃദം തകർക്കാൻ ഗൂഢാലോചന നടത്തിയതിന് ഫൈസലിനെയും റബിൻസിനെയും അറസ്റ്റ് ചെയ്തെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും യു.എ.ഇ അധികൃതർ അറിയിച്ചു. ഇന്ത്യയിൽ അറസ്റ്റിലായ പ്രതികളുമായും യു.എ.ഇ.യിൽ ഒളിവിലുള്ള മറ്റു പ്രതികളുമായും ഇവർ ഗൂഢാലോചന നടത്തി. യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥരുടെ അനുമതി സർട്ടിഫിക്കറ്റ് വ്യാജമായി ചമച്ചാണ് സ്വർണം കടത്തിയത്.
പ്രതികളെ കിട്ടാൻ
ഫൈസൽ ഫരീദ്, റബിൻസ് ഹമീദ്, സിദ്ദിഖുൾ അക്ബർ, അഹമ്മദ് കുട്ടി, രാജു, മുഹമ്മദ് ഷമീർ എന്നിവരെ ഇന്ത്യയിൽ എത്തിക്കാൻ ഇന്റർപോളിന്റെ ബ്ളൂ കോർണർ നോട്ടീസ് നടപടികൾ പുരോഗമിക്കുകയാണ്. മുഖ്യ ഗൂഢാലോചനയടക്കം യു.എ.ഇയിൽ നടന്നതിനാൽ അവിടെ തെളിവു ശേഖരിക്കാൻ പരസ്‌പരം നിയസഹായത്തിനുള്ള നടപടികൾ തുടരുന്നു. സ്വർണം വാങ്ങിയതും അതിനായി ഹവാല പണം എത്തിച്ചതും അന്വേഷിക്കണം.
ഫൈസലിനെ കാണാൻപോലും കഴിയാതെ
ദുബായ് പൊലീസ് ചോദ്യം ചെയ്‌തശേഷമാണ് ഫൈസലിന്റെ അറസ്റ്റ് ഇന്ത്യൻ വിദേശ മന്ത്രാലയത്തെ അറിയിച്ചത്. ആഗസ്റ്റിൽ കൊച്ചിയിലെ എൻ.ഐ.എ സംഘം ദുബായിലെത്തിയെങ്കിലും ഫൈസലിനെ ജയിലിലടച്ചതിനാൽ ചോദ്യം ചെയ്യാനായില്ല. തൊട്ടടുത്തദിവസം എൻ.ഐ.എ സംഘം മടങ്ങി. ഫൈസലിനെ കൊച്ചിയിലേക്ക് കൊണ്ടുവരാനായിരുന്നു എൻ.ഐ.എ പദ്ധതി. ദുബായ് പൊലീസ് രാജ്യദ്രോഹ കേസെടുത്തതോടെ അത് പാളി. സ്വർണക്കടത്തു കേസ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതിനാൽ ഫൈസലിനെ നാടുകടത്താനാവില്ല. ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യൻ സംഘത്തിന് കൈമാറാനേ കഴിയൂ.
യു.എ.ഇ കോൺസുലേറ്റിന്റെ വ്യാജ രേഖകൾ നിർമ്മിച്ച് സ്വർണം കടത്തിയത് ഗുരുതരമായ കുറ്റമാണെന്നും ശിക്ഷ ഉറപ്പാക്കുമെന്നും നടപടികൾ പൂർത്തിയാകുന്നതുവരെ ഫൈസലിനെ വിട്ടുനൽകില്ലെന്നും ദുബായ് പൊലീസ് എൻ.ഐ.എയെ അറിയിച്ചു.
തൃശൂർ കയ്പമംഗലം സ്വദേശിയാണ് ഫൈസൽ (35).