eauto

ഇലക്ട്രിക്ക് ഓട്ടോ നടത്തിപ്പ് ധാരണാപത്രത്തിൽ ഒപ്പിട്ടു

കൊച്ചി: നഗരത്തിലെ ഇ ഓട്ടോറിക്ഷാ നടത്തിപ്പിനായി കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് സഹകരണ സംഘവും കരാറിൽ ഒപ്പുവച്ചു. മേയർ സൗമനി ജെയിനും, ഡെപ്യൂട്ടി മേയർ കെ. ആർ പ്രേമകുമാറും സഹകരണ സംഘം പ്രസിഡന്റ് എം. ബി. സ്യമന്തഭദ്രനും സെക്രട്ടറി കെ.കെ. ഇബ്രാഹിംകുട്ടിയുമാണ് പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്.

ഇന്തോ ജർമ്മൻ സംയുക്ത സംരഭമായ സ്മാർട്ട് എസ്. യു.ടി​ യുടെ ( ഇന്റഗ്രേറ്റഡ് സസ്റ്റയ്‌നബിൾ അർബൻ ട്രാൻസ്‌പോർട്ട് സിസ്റ്റംസ് ഫോർ സ്മാർട്ട് സിറ്റീസ്) പിന്തുണയോടെ 2019 ജൂലായിലാണ് 'ലോൻജിംഗ് ഷെയേർഡ് ഇ ഓട്ടോസ് ഇൻ കൊച്ചി' എന്ന പദ്ധതിക്ക് കോർപ്പറേഷൻ തുടക്കം കുറിച്ചത്.

ആദ്യം നൂറ് ഓട്ടോറിക്ഷകൾ

ഫോർട്ടുകൊച്ചി, കടവന്ത്ര, എളംകുളം എന്നീ മൂന്ന് പ്രദേശങ്ങളിൽ പൈലറ്റ് പദ്ധതിയുടെ ഭാഗമായി 100 ഇ ഓട്ടോകൾ ഓടും. മുൻനിശ്ചയ പ്രകാരമുള്ള റൂട്ടുകളിലൂടെ നിശ്ചിത യാത്രാ നിരക്ക് അടിസ്ഥാനത്തിലാകും സർവീസ്.

ഇ ഓട്ടോകൾ വാങ്ങുന്നതിനുള്ള സബ്‌സിഡിയും മറ്റ് പശ്ചാത്തല സൗകര്യമൊരുക്കുന്നതിനുള്ള സാമ്പത്തിക സഹായവും ജർമ്മൻ സ്ഥാപനം നൽകും. ചാർജിംഗ് കേന്ദ്രങ്ങൾക്കായുള്ള സ്ഥലം കോർപ്പറേഷൻ വിട്ടു നൽകും.

അർബൻ പാത്ത് വേ പദ്ധതിയിലുൾപ്പെടുത്തി 10000 യൂറോയുടെ സാമ്പത്തിക സഹായം യു. എൻ ഹാബിറ്റാറ്റും പദ്ധതിയ്ക്കായി നല്കുന്നുണ്ട്.