തൃപ്പൂണിത്തുറ: നിങ്ങളുടെ യാത്ര ഇരുമ്പനം സീപോർട്ട് - എയർപോർട്ട് റോഡിലൂടെയാണോ. എങ്കിൽ വളരെ സൂക്ഷിക്കണം. കാരണം ഈ റോഡ് അപകടക്കെണിയൊരുക്കി കാത്തിരിക്കുകയാണ്. കരിങ്ങാച്ചിറ ജംഗ്ഷൻ മുതൽ ഇരുമ്പനം ചിത്രപ്പുഴടോൾ വരെയുള്ള ഭാഗത്തെ റോഡാണ് ഇരുചക്രവാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കും അപകടക്കെണിയായത്. നിരവധി പേരുടെ ജീവനാണ് ഈ റോഡിൽ പൊലിഞ്ഞത്. കഴിഞ്ഞദിവസം ടാങ്കർ ലോറികൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചതാണ് ഒടുവിലുണ്ടായ അപകടം. റോഡരികിലെ അനധികൃത പാർക്കിംഗാണ് അപകടത്തിനിടയാക്കിയതെന്ന് പരാതി ഉയർന്നിരുന്നു. ഇരുചക്രവാഹനം ഓടിക്കുന്നവർ ഭയത്തോടെയാണ് ഇതുവഴി കടന്നുപോകുന്നത്.
# റോഡരികിലെ അപകടക്കെണി
നിരവധി ടാങ്കറുകൾ ഈ റോഡിലാണ് പാർക്ക് ചെയ്യുന്നത്. കാറുകളും വിവിധ ജോലികൾക്കായെത്തുന്ന ക്രെയിനുകളും കേടായ ലോറികളും റോഡരുകിൽ കിടക്കുന്നതുകാണാം. വഴിയോര കച്ചവടക്കാരുടെ വാഹനങ്ങളും കൂടിയാകുമ്പോൾ റോഡ് തിരക്കിലമരും. എണ്ണക്കമ്പനികളിൽ എത്തുന്ന ടാങ്കർ ലോറികൾ റോഡരികിൽ പാർക്ക് ചെയ്യരുതെന്ന് കമ്പനികൾ നിർദേശം നൽകുന്നുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. സീപോർട്ട് റോഡ് നാലുവരിപ്പാതയാക്കുന്ന ജോലി എത്രയും വേഗത്തിൽ പൂർത്തിയാക്കുകയും വാഹനങ്ങളുടെ അനധികൃത പാർക്കിംഗിനെതിരെ നടപടി വേണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
# റോഡ് വികസനം അകലെ
ഇരുമ്പനം സീപോർട്ട് റോഡ് 2003ൽ തുറക്കുമ്പോൾ ഇതുവഴി ഗതാഗതം കുറവായിരുന്നു. ഇപ്പോൾ ലോറികളും ടാങ്കറുകളും നിരവധിയാണ്. പുതിയതായി ആരംഭിച്ച കെ.എസ്ആർ.ടി.സി സർവീസുകളും അഞ്ചുമിനിറ്റ് ഇടവിട്ട് കടന്നുപോകുന്നു. വാഹനത്തിരക്ക് കൂടിയതോടെ ചിറ്റേത്തുകരവരെ വീതികൂട്ടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും 17വർഷം പിന്നിടുമ്പോഴും യാഥാർത്ഥ്യമായില്ല. ഇരുമ്പനം പുതിയ റോഡ് ജംഗ്ഷൻ മാത്രമാണ് വികസിപ്പിച്ചത്. മറ്റു ഭാഗങ്ങളിൽ റോഡിനിരുവശവും സ്ഥലമുണ്ടെങ്കിലും വീതികൂട്ടൽ നടന്നില്ല.
പാർക്കിംഗ് സൗകര്യം ഒരുക്കണം
ഇരുമ്പനത്തെ എണ്ണ കമ്പനികളിലെത്തുന്ന മുഴുവൻ ടാങ്കർ ലോറികൾക്കും കമ്പനിതന്നെ പാർക്കിംഗ് സൗകര്യം ഒരുക്കണം.നാലുവരിപ്പാത നിർമ്മാണം പൂർത്തിയാക്കുകയും സുരക്ഷിതയാത്രയ്ക്ക് കാൽനടയാത്രക്കാർക്കായി നടപ്പാതയും നിർമ്മിക്കുകയും വേണം.
നിസാമുദ്ദീൻ.
ട്രാഫിക് സി.ഐ തൃപ്പൂണിത്തുറ
യാത്ര പേടിസ്വപ്നം
ഇതുവഴിയുള്ള യാത്ര ഭീതിജനകമാണ്. റോഡിൽ വെളിച്ചമില്ല. വഴിവിളക്കുകൾ സർവീസ് റോഡിൽ മാത്രമാണുള്ളത്. അപകടത്തിനു കാരണമാകുന്ന അനധികൃത പാർക്കിംഗിനെതിരെ ശക്തമായ നടപടി വേണം. ഓയിൽ കമ്പനികൾ പ്രശ്നത്തിൽ ഇടപെടണം.
ജോബ് ടി.വർഗീസ്,
നാട്ടുകാരൻ.