
കൊച്ചി: ചലച്ചിത്രതാരങ്ങൾ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയെ ആറു മണിക്കൂർ ചോദ്യം ചെയ്‌തശേഷം ബംഗളൂരു എൻഫോഴ്സ്‌മെന്റ് (ഇ.ഡി) യൂണിറ്റ് വിട്ടയച്ചു. മൊഴി വിലയിരുത്തിയശേഷം വീണ്ടും ചോദ്യംചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കും. പ്രാഥമിക ചോദ്യംചെയ്യൽ മാത്രമാണ് നടന്നതെന്നും ക്ളീൻചിറ്റ് നൽകാനാവില്ലെന്നും ഇ.ഡിയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അനൂപിന്റെ അക്കൗണ്ടിലേക്ക് 70 ലക്ഷത്തിലധികം രൂപ എത്തിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. ബിനീഷിന്റെ ബിനാമിയാണോ അനൂപെന്നും ഇ.ഡി സംശയിക്കുന്നു.
ലഹരിമരുന്ന് കേസിൽ അറസ്‌റ്റിലായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യങ്ങൾ. അനൂപ് നേതൃത്വം നൽകുന്ന ഹോട്ടൽ വ്യവസായത്തിൽ ആറു ലക്ഷം രൂപ നിക്ഷേപിച്ചതായി ബിനീഷ് വെളിപ്പെടുത്തി. അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് അറിവില്ലായിരുന്നു. വർഷങ്ങളായി സൗഹൃദമുണ്ട്. വ്യവസായത്തിലേക്ക് പണം ആവശ്യമുള്ളപ്പോഴാണ് നിക്ഷേപമായി നൽകി സഹായിച്ചതെന്നും മറ്റൊരു ഇടപാടും അനൂപുമായില്ലെന്നും ബിനീഷ് മൊഴിനൽകി.
ബംഗളൂരു ശാന്തിനഗറിലുള്ള ഇ.ഡി ഓഫീസിൽ ഇന്നലെ രാവിലെ 10.45 നാണ് ബിനീഷ് ഹാജരായത്. 11 മണിക്ക് തുടങ്ങിയ ചോദ്യംചെയ്യൽ ആറു മണിക്ക് അവസാനിച്ചു.നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ നേരത്തെ ഇ.ഡി കൊച്ചി യൂണിറ്റ് 12 മണിക്കൂർ ബിനീഷിനെ ചോദ്യംചെയ്‌തിരുന്നു. അവരും ഇതുവരെ ക്ളീൻചിറ്റ് നൽകിയിട്ടില്ല.
 അവശനായി ബിനീഷ്
ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി ഓഫീസിൽ അസി.ഡയറക്ടർ സോമശേഖരയുടെ നേതൃത്വത്തിൽ രാവിലെ 11മുതലാണ് ബിനീഷിനെ ചോദ്യംചെയ്തത്. 10.45നുതന്നെ ബിനീഷ് ഹാജരായി. വൈകിട്ട് അഞ്ചിന് ഇഡി ഓഫീസിൽനിന്ന് പുറത്തേക്കു വന്ന ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിശ്രമിക്കാനുള്ള സ്ഥലത്ത് അൽപനേരം ഇരിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വാഹനത്തിൽ കയറി പോയത്. മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ ബിനീഷ് തയ്യാറായില്ല.
തേടുന്നത് ലഹരിമരുന്ന് മാഫിയയുമായുള്ള സാമ്പത്തിക ബന്ധം
 ബംഗളൂരു ലഹരിമരുന്ന് കേസ് പ്രതികളുമായുള്ള സാമ്പത്തിക ഇടപാടിന്റെ വിവരങ്ങളാണ് ഇ.ഡി തേടുന്നത്. ലഹരിമരുന്ന് കേസിൽ അറസ്‌റ്റിലായ മൂന്ന് പേരുമായി ബിനീഷിന് ബന്ധമുണ്ടെന്നാണ് ഇ.ഡി പറയുന്നത്.
 മുഖ്യപ്രതി അനൂപിന്റെ അക്കൗണ്ടിലേക്ക് 30 ലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. 20 ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഈ പണം വന്നിട്ടുള്ളത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചാണ് ഇ.ഡി.യുടെ അന്വേഷണം.
 തിരുവനന്തപുരം സ്വർണക്കടത്തിന് ലഹരിമാഫിയ സാമ്പത്തിക നിക്ഷേപം നടത്തിയതായി സംശയിക്കുന്നുവെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഇ.ഡിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.