 
പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2020 -21 വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തി കോടനാട് ഗവൺമെന്റ് ആശുപത്രിയിൽ പാലിയേറ്റീവ് ബ്ലോക്കിന് കെട്ടിട നിർമ്മാണം ആരംഭിച്ചു. ജില്ലയിൽ ആദ്യമായാണ് പാലിയേറ്റീവ് ബ്ലോക്ക് നിർമിക്കാൻ കുടുംബാരോഗ്യ കേന്ദ്രത്തിന് ബ്ലോക്ക് പഞ്ചായത്ത് പണം അനുവദിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകൾ സി.എച്ച്.സികൾക്കാണ് ഇതു വരെ പണം അനുവദിച്ചിരുന്നത്. ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും അനുമതിയോടെ ജില്ലയിൽ ആദ്യമായി പണി തീർക്കുന്ന പാലിയേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എ.എൽ.എ നിർവഹിച്ചു. പാലിയേറ്റീവ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് ഓഫീസ് സൗകര്യം ഒരുക്കുകയാണ് കെട്ടിട നിർമ്മാണത്തിന്റെ ലക്ഷ്യം.
ഗ്രാമഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.പി. പ്രകാശ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ ജാൻസി ജോർജ്ജ്, വൈസ് പ്രസിഡന്റ് മായാ കൃഷ്ണകുമാർ, പഞ്ചായത്ത് അംഗം സിന്ധു അരവിന്ദ്, ഡോക്ടർ വിക്ടർ ജെ. ഫെർണ്ണാണ്ടസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി. എൽദോ, സുന്ദരൻ ചെട്ടിയാർ, ബിജു കോടനാട്, പാലിയേറ്റീവ് നഴ്‌സ് മേരി, എൽജി, സേവ്യർ എന്നിവർ പങ്കെടുത്തു.