gold-smuggling

കൊച്ചി : നയതന്ത്ര ചാനൽ വഴി സ്വർണക്കടത്തു നടത്തിയ കേസിലെ പ്രതികൾ സമ്പാദിച്ച തുക തീവ്രവാദ പ്രവർത്തനങ്ങൾക്ക് നൽകിയെന്ന ആരോപണത്തിൽ എൻ.ഐ.എ ഉറച്ചു നിൽക്കുന്നുണ്ടോ എന്നു പ്രത്യേക എൻ.ഐ.എ കോടതി ആരാഞ്ഞു. കേസിലെ ആറു പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദത്തിനിടെയാണ് കോടതി ഇക്കാര്യം വാക്കാൽ ചോദിച്ചത്. കോടതിയുടെ ചോദ്യങ്ങൾക്ക് ഇന്നു വ്യക്തമായ വിശദീകരണം നൽകാമെന്ന് എൻ.ഐ.എയ്ക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി.വിജയകുമാർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടതനുസരിച്ച് എൻ.ഐ.എ ഇന്നലെ കേസ് ഡയറി ഹാജരാക്കിയിരുന്നു. മുഹമ്മദ് ഷാഫി, പി.ടി. അബ്ദു, മുഹമ്മദ് അൻവർ, ഹംജദ് അലി, ജിഫ്സൽ, മുഹമ്മദ് ഷമീം എന്നിവരുടെ ജാമ്യ ഹർജികളാണ് പരിഗണിക്കുന്നത്.കേസിലെ രണ്ടാം നിര പ്രതികളായ ഇവർക്കെതിരെ എഫ്.ഐ.ആറിൽ ചുമത്തിയ കുറ്റങ്ങൾക്ക് മതിയായ തെളിവുകൾ എൻ. ഐ.എ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.

വിശദീകരണത്തിന് സമയം വേണം

കേസ് ഡയറി പരിശോധിച്ച് കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി തയ്യാറാക്കാൻ കഴിഞ്ഞ ദിവസം തനിക്കു കഴിഞ്ഞില്ലെന്ന് വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരായ അസി. സോളിസിറ്റർ ജനറൽ വ്യക്തമാക്കി. തന്റെ ഒാഫീസിലെ സഹപ്രവർത്തകരിൽചിലർക്ക് കൊവിഡ് ബാധിച്ചതിനാൽ ജീവനക്കാർ ക്വാറന്റൈനിൽ പോകേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.. ഇതനുവദിച്ച കോടതി, ജാമ്യാപേക്ഷകൾ ഇന്നു പരിഗണിക്കാൻ മാറ്റി.കേസ് ഡയറി പരിശോധിക്കാൻ വാങ്ങിയ കോടതി, ഒരു മണിക്കൂറിനു ശേഷം മടക്കി നൽകി. അസി. സോളിസിറ്റർ ജനറലിന് മറുപടി തയ്യാറാക്കാൻ വേണ്ടിയാണിത്.

യു.എ.പി.എ സെക്ഷൻ 15 നിലനിൽക്കുമെന്ന്

സ്വർണക്കടത്തു കേസിലെ പ്രതികൾക്കെതിരെ യു.എ.പി.എ സെക്ഷൻ 15 പ്രകാരമുള്ള കുറ്റം നിലനിൽക്കുമെന്ന് , ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച മറുപടിയിൽ എൻ.ഐ.എയുടെ അഭിഭാഷകൻ വ്യക്തമാക്കി.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകർക്കുന്ന തരത്തിൽ കറൻസി, നാണയങ്ങൾ, മറ്റുള്ളവയുടെ കള്ളക്കടത്തും തീവ്രവാദ നിരോധന നിയമ പ്രകാരം കുറ്റകരമാണെന്നു സെക്ഷൻ 15 ൽ പറയുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ സ്വർണക്കടത്തു നടത്തിയത്. പ്രതികൾ മിക്കവരും സാമ്പത്തികമായി ഉന്നത നിലയിലുള്ളരാണ്. സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് സ്വർണക്കടത്തു നടത്തിയതെന്ന വാദം ശരിയല്ല .പ്രവാസി​കളെന്ന മറയുപയോഗിച്ച് ആദായ നികുതി വെട്ടിപ്പാണ് ഇവർ നടത്തിയതെന്നും എൻ.ഐ.എ ആരോപിച്ചു.