swapna-suresh

കൊച്ചി: എൻ.ഐ.എ രജിസ്റ്റർ ചെയ്ത സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന നായർ ഇന്നലെ പ്രത്യേക എൻ.ഐ.എ കോടതി മുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചു. തിങ്കളാഴ്ച പരിഗണിക്കും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം അഡി. സി.ജെ.എം കോടതി നേരത്തേ തന്നെ സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസിൽ 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭി​ച്ചത്.

എൻ.ഐ.എയുടെ കേസിൽ തീവ്രവാദ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) അനുസരിച്ച് ചുമത്തിയ കുറ്റകൃത്യങ്ങൾക്ക് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ.

 മുഹമ്മദ് ഷാഫി മുഖ്യപ്രതിയെന്ന് എൻ.ഐ.എ

സ്വർണക്കടത്തു കേസിൽ കെ.ടി. റമീസിനൊപ്പം മുഹമ്മദ് ഷാഫിയും മുഖ്യപ്രതിയാണെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ അറിയിച്ചു. ഇയാൾ 20 തവണയായി 86.5 കിലോ സ്വർണമാണ് യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിലൂടെ കടത്തിയത്. ഇതിൽ 47.5 കിലോ സ്വർണം ഷാഫി നേരിട്ടു സംഘടിപ്പിച്ചതാണ്. 12 കിലോ സ്വർണം എത്തിച്ചത് കേസിലെ 30 -ാം പ്രതി ഷമീറാണ്. പി.ടി. അബ്ദു, അഹമ്മദ് കുട്ടി എന്നിവർ ചേർന്ന് 27 കിലോ സ്വർണം എത്തിച്ചെന്നും ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു.