
പറവൂർ: പൊതുമരാമത്തു വകുപ്പ് പറവൂരിൽ പുതുതായി നിർമ്മിച്ച ബഹുനില വിശ്രമ കേന്ദ്രം വീഡിയോ കോൺഫ്രൻസിലൂടെ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ, കെ.ജെ. ഷൈൻ, ചീഫ് എൻജിനിയർ ഹൈജിന് ആൽബെർട്ട്, സൂപ്രണ്ടിംഗ് എൻജിനിയർ വി.കെ. ശ്രീമാല, പി. ഇന്ദു, സുജ സൂസൻ മാത്യു, കെ.എൻ. രാജേഷ്, ബിനി എം. ജോർജ്, ആർ. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു. ശിലാഫലക അനാച്ഛാദനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. 21,516 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്നുനില മന്ദിരം നിർമ്മിക്കാൻ 2015ലാണ് തറക്കല്ലിട്ടത്. ആറു സ്യൂട്ട് മുറികളും പന്ത്രണ്ട് സാധാരണ മുറികളുമുണ്ട്. താഴത്തെ നിലയിൽ ഒരേ സമയം 65 പേർക്ക് ഇരിക്കാവുന്ന ലഘുഭക്ഷണ ശാലയും ഏറ്റവും മുകളിത്ത നിലയിൽ 350 പേർക്ക് പങ്കെടുക്കാവുന്ന ഓഡിറ്റോറിയവും വിശാലമായ സ്റ്റേജും സൗണ്ട് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. കൊവിഡ് രോഗ വ്യാപനകാലഘട്ടം കഴിഞ്ഞാൽ ആധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമ കേന്ദ്രം കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് അനുവദിക്കുമെന്ന് എം.എൽ.എ പറഞ്ഞു.