airport

കൊച്ചി : തിരുവനന്തപുരം എയർപോർട്ടിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു കൈമാറുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ സർക്കാരിന്റെ പ്രാഥമിക വാദം പൂർത്തിയായി.

എയർപോർട്ടുകൾ ഏറ്റെടുക്കുന്നതിനുള്ള ഒാരോ ടെണ്ടറിലും കമ്പനിക്ക് ആയിരം കോടിയുടെ ആസ്തി കാണിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും രാജ്യത്തെ ആറ് എയർപോർട്ടുകളുടെ നടത്തിപ്പിനായി അദാനി ഗ്രൂപ്പ് നൽകിയ ടെണ്ടറുകളിൽ ആകെ ആയിരം കോടിയുടെ ആസ്തി മാത്രമാണ് കാണിച്ചിട്ടുള്ളതെന്ന് സർക്കാർ വാദിച്ചു.അദാനി ഗ്രൂപ്പിന് ക്വാട്ട് ചെയ്ത തുകയ്ക്ക് എയർപോർട്ട് നടത്തിപ്പ് ഏറ്റെടുത്തു നടത്താൻ തയ്യാറാണെന്നും സർക്കാർ വ്യക്തമാക്കി.

എയർപോർട്ടിന്റെ നടത്തിപ്പിൽ അദാനി ഗ്രൂപ്പിന് മുൻ പരിചയമില്ല. ഡൽഹി, മുംബയ് എയർപോർട്ടുകളുടെ നടത്തിപ്പിനായി ടെണ്ടർ മുൻപരിചയമുള്ളവർക്കാണ് നൽകിയത്. എയർപോർട്ടുകളുടെ സ്വകാര്യവത്കരണത്തിലൂടെ ലഭിക്കുന്ന തുക മറ്റു എയർപോർട്ടുകളുടെ വികസനത്തിന് ഉപയോഗിക്കുമെന്നാണ് എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ വാദം.

തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ലഭിക്കുന്ന വരുമാനം ഇവിടെ ഉപയോഗിക്കാതിരിക്കുന്നത് പൊതുതാല്പര്യത്തിനു വിരുദ്ധമാണെന്നും സർക്കാർ വാദിച്ചു. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനും മുൻ അഡിഷണൽ സോളിസിറ്റർ ജനറലുമായ വികാസ് സിംഗാണ് സർക്കാരിനു വേണ്ടി ഹാജരായത്. ഇന്നും വാദം തുടരും.