
കോലഞ്ചേരി: ഓടുന്തോറും നഷ്ടം കുതിക്കുന്നു, സ്വകാര്യ ബസുകൾ വീണ്ടും കട്ടപ്പുറത്തേയ്ക്ക്. ട്രിപ്പുകൾ വെട്ടിച്ചുരുക്കിയും ജീവനക്കാരെ കുറച്ചും പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും നഷ്ടത്തിന്റെ തോത് കുറയാത്തതാണ് ബസ് ഉടമകളെ കടുത്ത തീരുമാനം എടുപ്പിച്ചതിന് പിന്നിൽ. ഇന്ധന ചെലവും തൊഴിലാളികളുടെ കൂലിയും നൽകാൻ പല ഉടമകൾക്കും കൈയിൽ നിന്നും പണം കൊടുക്കേണ്ട അവസ്ഥയാണ്. ബസുകൾ വില്ക്കാനുള്ള ആലോചനയും പലരും നടക്കിക്കഴിഞ്ഞു.ബസുകൾ കൂട്ടത്തോടെ നിരത്തൊഴിയുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാകും.
യാത്രക്കാരില്ല
കൊവിഡ് നിയന്ത്റണങ്ങളും പൊതുഗതാഗതസൗകര്യം ഉപയോഗിക്കാനുള്ള ആളുകളുടെ വിമുഖതയും ബസ് വ്യവസായത്തെ പിന്നോട്ടുവലിക്കുന്ന ഘടകങ്ങളിലൊന്നാണ്. യാത്രക്കാരാകട്ടെ ആരോഗ്യവകുപ്പ് നിർദേശങ്ങൾ വേണ്ടവിധം പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മിനിറ്റിന്റെ വ്യത്യാസത്തിൽ സ്റ്റാൻഡിൽ നിന്ന് ട്രിപ്പ് തുടങ്ങുന്ന ബസുകൾക്ക് ഒന്നും ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും ആളെക്കിട്ടാത്ത അവസ്ഥയാണ്.
ഇപ്പോഴും നിരത്തിലിറങ്ങാതെ ബസുകൾ
വൻ സാമ്പത്തിക ബാദ്ധ്യത ഭയന്ന് കോലഞ്ചേരി, പെരുമ്പാവൂർ മേഖലയിൽത്തന്നെ ഒട്ടേറെ ബസുകൾ ഇപ്പോഴും നിരത്തിലിറങ്ങിയിട്ടില്ല.ഡീസൽ വില വർദ്ധനവും വ്യവസായത്തെ പ്രതിസന്ധിയിലാക്കി.നൂറ് ലിറ്റർ ഡീസൽ പ്രതിദിനം ആവശ്യമായ ബസുകളുടെ അധികച്ചെലവ് 550 രൂപയാണ്. ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചും ലാഭമൊഴിവാക്കിയും സർവീസ് നടത്തുന്ന ബസുടമകളുടെ നഷ്ടത്തിന്റെ ആഴം ദിവസവും വർദ്ധിക്കുകയാണ്. എല്ലാം കഴിഞ്ഞ് 500 രൂപ കിട്ടിയാലായി. ബസിന്റെ മറ്റ് ചെലവുകൾക്ക് പണം കൈയിൽ നിന്ന് കണ്ടെത്തേണ്ട സ്ഥിതിയാണ്.
ബസുകൾ നിരത്തിൽനിന്ന് പിൻവലിക്കേണ്ട അവസ്ഥ
യാത്ര നിരക്ക് വർദ്ധിപ്പിച്ചെങ്കിലും പിന്നീട് കുറച്ചു. ബസുകൾ പലതും ഓടാത്തതുകൊണ്ടാണ് നിലവിൽ പേരിന് യാത്രക്കാരുണ്ടാകുന്നത്.എല്ലാ ബസുകളും നിരത്തിലെത്തിയാൽ യാത്രക്കാരുടെ എണ്ണം വിരലിലെണ്ണാവുന്നതാകും.ഇപ്പോഴത്തെ നില തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിൽനിന്ന് പിൻവലിക്കേണ്ടിവരും.
ജി.വിനോദ്കുമാർ,പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം, കോലഞ്ചേരി മേഖല പ്രസിഡന്റ്