
കോലഞ്ചേരി: അതുവരെ ലാഭം മാത്രം തന്നിരുന്ന ബിസിനസ് ഒറ്റദിവസം കൊണ്ടാണ് കട്ടപ്പുറത്തേറിയത്. ലോക്ക്ഡൗണിൽ ഇളവ് നേടി നിരത്തിലിറങ്ങിയെങ്കിലും ഓട്ടം നഷ്ടത്തിലേക്കായിരുന്നു. എങ്കിലും തോറ്റുപിന്മാറാൻ തയ്യാറായില്ല രണ്ട് ബസുടമകൾ. ബസുകളുടെ ഓട്ടപ്പാച്ചിലിൽ നിന്ന് നേരെ ചാടിയത് മധുരമൂറും പായസക്കച്ചവടത്തിലേക്കാണ്. ബസൊതുക്കി തുടങ്ങിയ പായസക്കച്ചവടം ഇപ്പോൾ ജീവിതമാർഗമാണ് പെരുമ്പാവൂർ കോലഞ്ചേരി റൂട്ടിലെ ചൈതന്യ,തെങ്ങനാൽ എന്നീ ബസുടമകളായ ജി.വിനോദ് കുമാർ, ടി.എസ് സജീവ് എന്നിവർക്കും ജീവനക്കാരൻ ഗോവിന്ദ രാജനും. പട്ടിമറ്റത്തിനടുത്ത് കുമ്മനോട് എമ്പാശ്ശേരി കവലയിലാണ് പായസം വില്പന.
ലോക്ക് ഡൗൺ കാലത്ത് അഞ്ചു മാസം ബസ് കയറ്റിയിട്ടതോടെയുണ്ടായ നഷ്ടം തെല്ലൊക്കെ പരിഹരിച്ച് കൊവിഡ് നിബന്ധനകൾ പാലിച്ച് ഓടി നോക്കി. യാത്രക്കാരില്ല. രണ്ട് ഉടമകളും ജീവനക്കാരെ മാറ്റി നിർത്തി സ്വയം വളയം പിടിച്ചു. എന്നിട്ടും പിടിച്ചു നിൽക്കാനായില്ല. ഒടുവിൽ തത്കാല സർവീസിനവധി നൽകിയാണ് പായസക്കച്ചവടമെന്ന ആശയത്തിലേക്കെത്തിയത്. വിനോദ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം കോലഞ്ചേരി മേഖല പ്രസിഡന്റ് കൂടിയാണ്. മൂവരും ഒരുമിച്ചാണ് നിർമ്മാണവും, വില്പനയും. പി.പി റോഡിൽ നിന്നും അല്പം മാറിയാണ് കടയെങ്കിലും പരിചയക്കാരും സുഹൃത്തുക്കളും വഴി അറിഞ്ഞ് നിരവധി പേർ അതിജീവന പായസത്തിന്റെ മധുരം നുകരാൻ എത്തുന്നുണ്ട്. രാവിലെ ദോശയും ചമ്മന്തിയും പാഴ്സൽ നൽകും. അതു കഴിഞ്ഞ് വിവിധ വെറൈറ്റി പരിപ്പ്, ഗോതമ്പ്, പാലട പ്രഥമൻ പായസങ്ങളും നൽകും. വിനോദിന്റെ വീട്ടിലെ അടുക്കളയിൽ നിർമ്മിച്ച് ചൂടോടെ കടയിലെത്തിക്കുകയാണ്. പരിപ്പ് പായസം 180 ഗോതമ്പ് പായസം150 പാലട പായസം170