ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപമുള്ള വ്യാപാര സ്ഥാപനത്തിലെ വ്യാപാരികൾ തമ്മിൽ അടിപിടി. മാഞ്ഞൂരാൻസ് വിക്ടറി ഏജൻസീസ് ഉടമ ടോമി മാഞ്ഞൂരാനും സമീപത്തെ തഹൂർ ഹോട്ടൽ നടത്തുന്ന മൻസൂറും തമ്മിലാണ് അടിപിടിയുണ്ടായത്. പരിക്കേറ്റ ഇരുവരും ചികിത്സ തേടി.

ഹോട്ടലിലെ മാലിന്യം നഗരസഭാ പൊതുകാനയിലൂടെ ഒഴുക്കുന്നതിനെതിരെ ടോമി വർഷങ്ങളായി നിയമപോരാട്ടം നടത്തി വരികയാണ്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. സ്ഥാപനം തുറക്കുന്നതിനിടെ ബല പ്രയോഗത്തിലൂടെ താക്കോൽ കൂട്ടം തട്ടിയെടുക്കുകയും മാരകമായ ആയുധങ്ങളുമായി ഹോട്ടലിലെത്തിച്ച് മർദ്ദിച്ചെന്നുമാണ് ടോമിയുടെ പരാതി. ഹോട്ടലിനെതിരെയുള്ള പരാതി പിൻവലിക്കുന്നതിന് പണം ആവശ്യപ്പെടുകയും അത് നിരസിച്ചതിൽ ക്ഷുഭിതനായി അക്രമിക്കുകയുമായിരുന്നുവെന്ന് മൻസൂറും പറയുന്നു.ഇരുവരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എട്ട് മാസം മുമ്പ് ടോമിയേയും ഭാര്യയേയും മർദ്ദിച്ചതിന് ഹോട്ടലടമക്കെതിരെ കേസ് നിലവിലുണ്ട്.