
കൊച്ചി: നയതന്ത്ര സ്വർണക്കടത്തിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി ആലുവ മജിസ്‌ട്രേട്ട് കോടതി ഇന്നലെയും രേഖപ്പെടുത്തി. കോടതി മുമ്പാകെ കുറ്റസമ്മത മൊഴി നൽകുന്നതിന്റെ നിയമവശങ്ങൾ തിങ്കളാഴ്ച സന്ദീപിനെ വിശദമായി പറഞ്ഞു മനസിലാക്കി. തീരുമാനത്തിലെത്താൻ ഒരു ദിവസം അനുവദിച്ച ശേഷവും സന്ദീപ് പിന്മാറാതിരുന്നതോടെയാണ് ഇന്നലെ മൊഴി വിശദമായി രേഖപ്പെടുത്തിയത്.
ചില പ്രതികളുടെ ജാമ്യാപേക്ഷയിൽ എൻ.ഐ.എ കോടതി ഇന്നു വിശദമായ വാദം കേൾക്കാനിരിക്കെയാണിത്. മുദ്രവച്ച കവറിൽ ഈ മൊഴികൾ മജിസ്‌ട്രേട്ട് കോടതി എൻ.ഐ.എ കോടതിക്കു കൈമാറും. മൊഴികൾ പൂർണമായി ചിത്രീകരിക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 2.30 തുടങ്ങിയ മൊഴി രേഖപ്പെടുത്താൽ രാത്രി വൈകിയും തുടരുകയാണ്.മറ്റുപ്രതികളെ പ്രതികൂലമായി ബാധിക്കുന്ന പരാമർശങ്ങൾ സന്ദീപിന്റെ മൊഴിയിലുണ്ടാവുമെന്നാണു അനുമാനം.
യു.എ.പി.എ ചുമത്തിയ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ എൻ.ഐ.എക്കു പിടിവള്ളിയാകും സന്ദീപിന്റെ മൊഴികൾ. അറസ്റ്റ് ചെയ്ത് 80 ദിവസം പൂർത്തിയായതടെ പ്രതികളിൽ പലരും ജാമ്യാപേക്ഷ സമർപ്പിക്കാൻ തുടങ്ങിയ ഘട്ടത്തിലാണു കുറ്റസമ്മത മൊഴി നൽകാനുള്ള സന്ദീപിന്റെ അപ്രതീക്ഷിത നീക്കം പ്രതിഭാഗത്തെ ഞെട്ടിച്ചത്.
യു.എ.പി.എ കേസുകളിൽ 180 ദിവസം വരെ പ്രതികളെ ജുഡിഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാം. എന്നാൽ സ്വർണക്കടത്തു കേസിൽ രാജ്യദ്രോഹത്തിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണു പ്രതിഭാഗത്തിന്റെ ശക്തമായ വാദം.