വൈപ്പിൻ : മോഷ്ടിച്ച ബൈക്കുകളിലെത്തി ഭണ്ഡാരങ്ങൾ കുത്തിത്തുറക്കുന്ന മൂന്നംഗസംഘം പൊലീസിന്റെ പിടിയിലായി. കൊച്ചി സിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ച് അതുമായി രാത്രി കറങ്ങി നടന്ന് വിവിധ ആരാധനാലയങ്ങളുടെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവരുന്ന ഞാറക്കൽ സ്വദേശികളായ രഞ്ജീഷ് (19), പ്രവീൺ (20), പ്രായപൂർത്തിയാകാത്ത ബാലൻ എന്നിവരാണ് അറസ്റ്റിലായത്.
ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഇടയക്കുന്നം സെന്റ്. സെബാസ്റ്റ്യൻ പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ അന്വേഷണത്തിനിടയിൽ പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എ.സി.പി കെ. ലാൽജിയുടെ നിർദേശപ്രകാരം ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജോസ് എൻ.ആർ , എസ്.ഐമാരായ രൂപേഷ്, ജാഫർ, എ.എസ്.ഐ ഷിബു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.