3522 കേസുകൾ
കൊച്ചി: കൊവിഡ് വ്യാപനത്തിൽ പകച്ചു നിൽക്കുകയാണ് പശ്ചിമകൊച്ചി. പ്രതിദിനം പുറത്തുവരുന്ന കണക്കിൽ കഴിഞ്ഞ നാലു മാസമായി കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് പശ്ചിമകൊച്ചി ഭാഗത്താണ്.
കൊച്ചി നഗരസഭ ഒന്നു മുതൽ 20 വരെയുള്ള വാർഡുകളിൽ ദിനം പ്രതി പരിശോധനകൾ വർദ്ധിപ്പിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. നിലവിൽ 1287 ആക്റ്റീവ് കേസുകളാണ് പശ്ചിമകൊച്ചിയിലുള്ളത്. നാളിതു വരെ 3522 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ആരോഗ്യ വകുപ്പിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് കേസുകളുടെ എണ്ണത്തിലെ വർദ്ധനവ് പ്രതിരോധിക്കാനായിട്ടുണ്ടെന്ന ആശ്വാസത്തിലാണ് പശ്ചിമകൊച്ചി നിവാസികൾ.
പ്രതിദിനം 200 വരെ കേസുകൾ
പ്രതിദിനം പശ്ചിമകൊച്ചിയിൽ മാത്രം 200 വരെ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസങ്ങളുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളൂരുത്തി, കണ്ണമാലി പ്രദേശങ്ങളിലാണ് കൂടുതൽ കേസുകളുള്ളത്. ഫോർട്ടുകൊച്ചി (56) , മട്ടാഞ്ചേരി (33), പള്ളൂരുത്തി (48) പ്രദേശങ്ങളിൽ മാത്രം 140 പേർക്കാണ് രോഗം ബാധിച്ചത്. കൂടാതെ കുമ്പളങ്ങി, ചെല്ലാനം, തോപ്പുംപ്പടി, ഇടക്കൊച്ചി പ്രദേശങ്ങളിലും കൊവിഡ് ബാധിതർ ദിനംപ്രതി വർദ്ധിക്കുന്നുണ്ട്.
വെല്ലുവിളി ഉയർത്തി പശ്ചിമകൊച്ചി
എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ആക്ടീവ് കൊവിഡ് ക്ലസ്റ്ററാണ് പശ്ചിമകൊച്ചി. ജനസാന്ദ്രതയേറിയ പ്രദേശത്ത് രോഗവ്യാപനം വലിയ തോതിൽ വർദ്ധിക്കുന്നത് പിടിച്ചു നിർത്താനായിട്ടുണ്ടെങ്കിലും പാടെ തുടച്ചു മാറ്റാനാവാതത്ത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും, ഹാർബറുകളുമെല്ലാം അടങ്ങുന്ന കൊച്ചിയിലെ തന്നെ ജനസാന്ദ്രതയേറിയ പ്രദേശമാണ് പശ്ചിമകൊച്ചി. മത്സ്യസംസ്കരണ ശാലകൾ കേന്ദ്രീകരിച്ച് മാത്രം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ മാർക്കറ്റുകൾ ഉൾപ്പെടെയുള്ളവ അടച്ചു പൂട്ടിയത് വ്യാപനത്തിന്റെ തോത് കുറയ്ക്കാൻ സഹായമായിട്ടുണ്ട്.
പരിശോധനാ നിരക്കിൽ വർദ്ധനവ്
നിലവിൽ പശ്ചിമകൊച്ചിയിലെ പ്രതിദിന പരിശോധനാ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. പരിശോധനാ ക്യാമ്പുകൾ നടക്കുന്നില്ലെങ്കിലും മൊബൈൽ യൂണിറ്റുകൾ, പരിശോധനാ കേന്ദ്രങ്ങൾ എന്നിവ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നുണ്ട്. പ്രതിദിനം 700 മുതൽ 800 വരെ പരിശോധനകളാണ് ഒന്നു മുതൽ 20 വരെയുള്ള വാർഡുകൾ കേന്ദ്രീകരിച്ച് നടത്തുന്നത്. 1000 പരിശോധനകൾ വരെ നടത്തിയ ദിവസങ്ങളുണ്ട്.