കിഴക്കമ്പലം: ഒടുവിൽ റോഡ് കോടതി കേറി. പരസ്പരം പഴി ചാരി ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും മത്സരിക്കുന്നതിനൊടുവിൽ മനയ്ക്കക്കടവ് നെല്ലാട് റോഡ് വികസനം കോടതിയിലേയ്ക്ക്. വരാനിരിക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മുന്നണികൾ ആക്രമണത്തിനും പ്രത്യാക്രമണത്തിനും കോപ്പു കൂട്ടുന്നതിനിടയിലാണ് ഒരു മുഴം മുമ്പെറിഞ്ഞ് റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വി.പി സജീന്ദ്രൻ എം.എൽ.എ ഹൈക്കോടതിയിലെത്തിയത്. ഇതു സംബന്ധിച്ച നല്കിയ ഹർജിയിൽ നിർമ്മാണം വൈകുന്നതിൽ ഹൈക്കോടതി വിശദീകരണം തേടി.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് എറണാകുളം തേക്കടി സംസ്ഥാന പാതയിലെ 22 കിലോമീറ്ററോളമുള്ള റോഡ് നിർമ്മാണത്തിനായി കളമശേരിയിലെ ഡീൻസ് ഗ്രൂപ്പ് കരാർ ഏറ്റെടുത്തത്. 2018 ൽ ആരംഭിച്ച് ഒന്നര വർഷത്തിനകം പൂർത്തീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ നാളിതുവരെയായി റോഡ് നിർമ്മാണം പൂർത്തിയായിട്ടില്ലെന്നും ഇക്കാര്യത്തിൽ കിഫ്ബിയൊ പദ്ധതിയുടെ നിർവഹണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡോ നടപടി സ്വീകരച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
ഹർജിയിൽ സർക്കാരിനും, കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയറക്ടർ, ചീഫ് എൻജിനീയർ, കിഫ്ബി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, കരാറുകാരായ ഡീൻസ് ഗ്രൂപ്പ്, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനീയർ എന്നിവരാണ് എതിർകക്ഷികൾ. ബന്ധപ്പെട്ട വകുപ്പുകൾക്ക് നോട്ടീസ് നൽകാനും കോടതി നിർദ്ദേശം നൽകി.
അത സമയം സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് നിർമ്മാണം അനിശ്ചിതമായി നീളാൻ കാരണം.നിലവിൽ നിർമ്മാണത്തിനായി നാലു കോടി രൂപ മുടക്കിയിട്ടുണ്ട് ഈ തുക ലഭിക്കാതെ ജോലി പുനരാരംഭിക്കുകയില്ലെന്ന് കരാറുകാരൻ പറഞ്ഞു.
ഈ മാസം 21 ന് വീണ്ടും പരിഗണിക്കും
ഫണ്ടിങ്ങ് ഏജൻസിയായ കിഫ്ബിയോടും നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡിനോടും അടിയന്തിര വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് പി.വി ആശ ഹർജി ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.മാസങ്ങളായി നിർമ്മാണ പ്രവർത്തികൾ നിർത്തിവെച്ചിരിക്കുന്നതിനാൽ ഈ റോഡുകളിലൂടെ ഗതാഗതം ദുസഹമാണെന്നും നിർമ്മാണം പൂർത്തീകരിക്കുവാൻ കരാറുകാരന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി.
കരാറുകാരൻ നിർമ്മാണം പൂർത്തിയാക്കുവാൻ ശ്രമിച്ചില്ല
റോഡ് നിർമ്മാണത്തിനു വേണ്ടി ടാറിങ്ങ് പൊളിച്ചതു മൂലം റോഡപകടങ്ങൾ നിരന്തരം ഉണ്ടാവുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്താൻ നിർദ്ദേശം നൽകണമെന്നാണാവശ്യം. കിഫ്ബി, കെ.ആർ.എഫ്.ബി,പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് തടസങ്ങൾ നീക്കാൻ നിരവധി തവണ യോഗങ്ങൾ വിളിച്ചു ചേർത്തെങ്കിലും കരാറുകാരൻ നിർമ്മാണം പൂർത്തിയാക്കുവാൻ ശ്രമിക്കുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.