മൂവാറ്റുപുഴ: ഉദ്ഘാടനത്തിന് കാത്തു നിൽക്കാതെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ പ്രസവവാർഡിനേയും ലേബർ റൂമിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിർമ്മാണം പൂർത്തിയാക്കിയ
റാംപ് ജനങ്ങൾക്കായി തുറന്നു കൊടുത്തു. മഴകാലമായതിനാലാണ് പെട്ടന്ന് റാമ്പ് തുറന്നു കൊടുത്തത്. ജനറൽ ആശുപത്രിയിലെത്തുന്ന ഗർഭിണികൾക്ക് ഇനി മഴ കൊള്ളാതെയും കുഴികളിൽ വീഴാതെയും പ്രസവ വാർഡിലേക്കെത്താം. കുഞ്ഞുമായി തിരിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിലേക്കും മഴയും വെയിലുമേൽക്കാതെ പോകാം. ഏറെ നാളത്തെ കാത്തിരിപ്പിനും പരാതികൾക്കും ഒടുവിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിൽ നിന്ന് ലേബർ റൂം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് നിർമാണം ആരംഭിച്ച റാംമ്പിന്റെ പണി കഴിഞ്ഞ ദിവസം പൂർത്തിയായത്. ഇതോടെ ഇതിലൂടെ രോഗികൾ യാത്ര തുടങ്ങുകയും ചെയ്തു. പെരുമഴയിൽ പുതപ്പും പ്ലാസ്റ്റിക് ഷീറ്റുമൊക്കെ ഉയർത്തി പിടിച്ച് ബന്ധുക്കൾ സ്ട്രെച്ചറിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ തള്ളിയായിരുന്നു ഗർഭിണികളെ ലേബർ റൂമിലേക്കെത്തിച്ചിരുന്നത്. ഇനി ഈ കാഴ്ച കാണേണ്ടി വരുകയില്ല. ഗർഭിണികളായ സ്ത്രീകൾ അനുഭവിച്ചിരുന്ന ദുരിതത്തിന് റാംപ് നിർമാണം പൂർത്തിയായതോടെ പരിഹാരമായി. ജനറൽ ആശുപത്രിയിൽ രാജ്യാന്തര നിലവാരത്തിലുള്ള ഗൈനക്കോളജി ഓപ്പറേഷൻ തിയറ്റർ നിർമാണവും പൂർത്തിയാകുകയാണ്. 2.6 കോടി രൂപ ചെലവഴിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ നവീകരണം റാംപ് നിർമാണം ഓപ്പറേഷൻ തിയറ്റർ നിർമാണം എന്നിവ പൂർത്തീയാകുന്നത്.