corporation
കൊച്ചിൻ കോർപ്പറേഷന്റെ നിർമ്മാണത്തിലിരിക്കുന്ന ഓഫീസും സ്ഥലവും ജപ്തി ചെയ്യാനുള്ള നോട്ടീസ് പതിച്ചപ്പോൾ

കൊച്ചി: കൊച്ചി കോർപ്പറേഷന്റെ മറൈൻഡ്രൈവിലെ പുതിയ ഓഫീസ് മന്ദിരവും ഒന്നര ഏക്കർ സ്ഥലവും ജപ്തി ചെയ്തുകൊണ്ട് കോടതി ഉത്തരവ്. നിർമ്മാണത്തിലിരിക്കുന്ന ഓഫീസ് കെട്ടിടത്തിൽ ഇന്നലെയാണ് നോട്ടീസ് പതിച്ചത്. കൊച്ചി രാജകുടുംബവുമായുള്ള പഴയ സ്ഥലക്കച്ചവടത്തിന്റെ ബാക്കിയാണ് ജപ്തി.

കേസിന്റെ നാൾവഴികൾ

എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ ഒരേക്കർ 28 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിന് 1987 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ സ്ഥലം.

സെന്റിന് 20712 രൂപയ്ക്ക് കൊച്ചി കോർപ്പറേഷൻ സ്ഥലം ഏറ്റെടുത്തു.

സ്ഥലവില അപര്യാപ്തമാണെന്ന പരാതിയുമായി പാലസ് അഡ്മിനിസ്‌ട്രേഷൻ ബോർഡ് കോടതിയെ സമീപിച്ചു

സെന്റിന് 74868 രൂപ വില നിശ്ചയിച്ച് 2011ൽ ഹൈക്കോടതി ഉത്തരവിട്ടു

2003 ൽ ആദ്യ ഗഡുവായി 1.76 കോടി കോർപ്പറേഷൻ അഡ്‌മിനിസ്‌‌ട്രേഷന് കൈമാറി

തുകയും പലിശയുമടക്കം 3.31 കോടി ( 33185000 രൂപ ) രൂപ കുടിശിക ഈടാക്കുന്നതിനാണ് ജപ്തി

അഭിഭാഷകൻ ഹാജരായില്ലെന്ന്

ആക്ഷേപം

എറണാകുളത്തപ്പൻ ഗ്രൗണ്ട് വില്പനയിൽ നിന്നുള്ള തുക പാലസ് അഡ്മിനിസ്‌ട്രേഷൻ ബോർഡിലെ 700 അംഗങ്ങൾക്കും അവകാശപ്പെട്ടതാണ്. കോടതി വിധി പ്രകാരമുള്ള വില ലഭിക്കുന്നതിനായി സബ്‌കോടതിയിൽ എക്സിക്യൂഷൻ പെറ്റീഷൻ ഫയൽ ചെയ്തുവെങ്കിലും കോർപ്പറേഷന്റെ ഭാഗത്തുനിന്ന് പണം അടയ്ക്കുന്നതിന് യാതൊരു നടപടിയുമുണ്ടായില്ല. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 28 പ്രാവശ്യം ഈ കേസ് കോടതി പരിഗണിച്ചിട്ടും കോർപ്പറേഷന്റെ ഭാഗത്തു നിന്നുള്ള അഭിഭാഷകൻ ഒരിക്കൽ പോലും ഹാജരായില്ലെന്ന് പാലസ് അഡ്മിനിസ്‌ട്രേഷന്റെ അഭിഭാഷകനായ അഡ്വ.പ്രസാദ് വി.കെ. പറഞ്ഞു

സ്ഥലം ദേവസ്വം ബോർഡിന് വിറ്റു

കൊച്ചി രാജകുടുംബത്തിൽ നിന്ന് ഏറ്റെടുത്ത സ്ഥലം പിന്നീട് കോർപ്പറേഷൻ മൂന്നേ മുക്കാൽ കോടി രൂപയ്ക്ക് കൊച്ചി ദേവസ്വം ബോർഡിന് വിറ്റു. എറണാകുളത്തപ്പന് ഒരു പിടി മണ്ണ് എന്ന പ്രചാരണത്തിലൂടെ എറണാകുളം ശിവക്ഷേത്ര സമിതി ഇതു സ്വന്തമാക്കി

ഭരണസമിതിയുടെ അലംഭാവം

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിരവധ്ര കേസുകളിൽ ഗുരുതരമായ അലംഭാവമാണ് കോർപ്പറേഷൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്. കോടിക്കണക്കിന് രൂപയുടെ ആസ്തികൾ നഷ്‌ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്

വി.പി.ചന്ദ്രൻ

സി.പി.എം കൗൺസിലർ

നടപടികൾ സ്വീകരിക്കും

സ്ഥലം ഏറ്റെടുത്തത് സർക്കാരാണെങ്കിലും കേസ് വിശദമായി പഠിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കും. 14 ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

സൗമിനി ജെയിൻ,മേയർ