start

•കാർഷിക മേഖലയിലെ ഉത്പന്നങ്ങൾക്ക് സ്റ്റാർട്ടപ്പ് ദേശീയ പുരസ്കാരം

കൊച്ചി: കാർഷികമേഖലയിൽ നവീന സാങ്കേതികവിദ്യകൾ കണ്ടെത്തിയ മികവിന് കൊച്ചിയിലെ രണ്ടു സ്റ്റാർട്ടപ്പ് സംരംഭങ്ങൾ കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരം നേടി. അഞ്ചുലക്ഷം രൂപയും വിവിധ വകുപ്പുകളുമായി സഹകരണവുമാണ് സമ്മാനം. കളമശേരി സ്റ്റാർട്ടപ്പ് വില്ലേജിലെ നവ ഡിസൈൻ ആൻഡ് ഇന്നവേഷൻസ്, ഗോഡ്സ് ഓൺ ഫുഡ് സൊലൂഷൻസ് എന്നിവയാണ് സമ്മാനങ്ങൾ നേടിയത്.

തെങ്ങ് ചെത്ത് അനായാസം

നീരയും കള്ളും ചെത്തിയെടുക്കുന്ന ഉപകരണമാണ് നവ ഡിസൈൻ വികസിപ്പിച്ചത്. ചെത്തിയെടുക്കാൻ തൊഴിലാളി തെങ്ങിൽ കയറുന്നതിന് പകരമാണ് സാപ്പർ എന്ന പേരിൽ ഉപകരണം വികസിപ്പിച്ചത്. തൊഴിലാളിയുടെ ജോലി പൂർണമായും യന്ത്രം നിർവഹിക്കും. 2017ൽ വികസിപ്പിച്ച ഉപകരണത്തിന്റെ പ്രായോഗിക പരീക്ഷണങ്ങൾ തുടരുകയാണ്. ഒന്നര വർഷത്തിനകം ഉപകരണം വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിക്കും.

ഗൾഫിൽ ജോലി ചെയ്തിരുന്ന ആലുവ സ്വദേശി ചാൾസ് വിജയ് വർഗീസ് 2016 ൽ ആരംഭിച്ചതാണ് നവ ഡിസൈൻസ്. കളമശേരിയിലെ മേക്കൽ വില്ലേജിലാണ് ഇൻക്യുബേറ്റ് ചെയ്തിരിക്കുന്നത്. ഇലക്ട്രോ മെക്കാനിക്കൽ സംവിധാനമാണ് സാപ്പറിൽ ഉപയോഗിക്കുന്നതെന്ന് ചാൾസ് വിജയ് വർഗീസ് പറഞ്ഞു.

ചക്കയെ ജനകീയമാക്കി

ചക്കയിൽനിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ വികസിപ്പിച്ചാണ് ഗോഡ്സ് ഓൺ ഫുഡ് സൊലൂഷൻസ് 2013ൽ രംഗത്തെത്തിയത്. ജാക്ക്ഫ്രൂട്ട് 365 എന്ന ബ്രാൻഡിലാണ് ഉത്പന്നങ്ങൾ. ചക്കച്ചുള ഫ്രീസ് ഡ്രൈ ചെയ്ത് ആദ്യം വിപണിയിലിറക്കി. ചക്കച്ചുള പൊടിയാക്കി പായ്ക്കറ്റിലാക്കി. പുട്ടുപൊടി, ദോശമാവ് എന്നിവയിൽ ചേർത്ത് വിഭവങ്ങൾ ഉണ്ടാക്കാം. ഓട്സിനൊപ്പവും ചേർക്കാം. നക്ഷത്ര ഹോട്ടലുകൾ വരെ ഏറ്റെടുത്തതോടെ ജാക്ക് ഫ്രൂട്ട് 365 ജനപ്രിയമായി.

മൈക്രോസോഫ്റ്റ് ഉൾപ്പെടെ ബഹുരാഷ്ട്ര കമ്പനികളുടെ വിപണന വിഭാഗത്തിൽ ഇരുപത് വർഷത്തെ പരിചയസമ്പത്തുമായി കൊച്ചി സ്വദേശി ജെയിംസ് ജോസഫാണ് ജാക്ക്ഫ്രൂട്ട് 365 എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചത്.