uae-consulate

കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ യു.എ.ഇ കോൺസുലേറ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് അറ്റാഷെ റാഷിദ് അൽ ഖാമിസ് ചിമേനി, അക്കൗണ്ട്സ് വിഭാഗം മേധാവിയും ഇൗജിപ്ഷ്യൻ പൗരനുമായ ഖാലിദ് എന്നിവർക്ക് നിർണായക പങ്കുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടെത്തി. കേസിലെ ഒന്നാം പ്രതി സരിത്തിന്റെ മൊഴിയിലാണ് സുപ്രധാന വെളിപ്പെടുത്തലെന്നും, ഇ.ഡി ഇന്നലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ

പറയുന്നു.

സ്വർണക്കടത്ത് കേസിൽ പ്രധാന പ്രതികളെല്ലാം പിടിയിലായതിന് തൊട്ടുപിന്നാലെ, അറ്റാഷെ രാജ്യം വിട്ടു. നയതന്ത്രപരിരക്ഷയുള്ള ഇരുവരെയും ചോദ്യം ചെയ്യേണ്ടത് കേസിൽ അത്യാവശ്യമാണെന്ന് എൻ.ഐ.എയും കസ്‌റ്റംസും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഇടപെടലുകളും ആശവിനിമയവുമാണ് നിർണായകമാവുക.

കോൺസലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽസാബിക്ക് സ്വർണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അറ്റാഷെയ്ക്ക് 3000 യു.എസ്. ഡോളർ നൽകിയതായും സരിത്ത് വെളിപ്പെടുത്തി. ഒരു കിലോ സ്വർണം കടത്തുമ്പോൾ കോൺസലേറ്റ് ജനറലിന് ആയിരം യു.എസ് ഡോളർ നൽകണമെന്ന് ഖാലിദ് ആവശ്യപ്പെട്ടതായി സന്ദീപ് നായരും മൊഴി നൽകി. ലൈഫ് ഭവനപദ്ധതിയിൽ പദ്ധതിച്ചെലവിന്റെ 20 ശതമാനം കമ്മിഷനായി വേണമെന്ന് ഖാലിദ് നിർബന്ധിച്ചതായി യുണിടാക് എം.ഡി. സന്തോഷ് ഇൗപ്പൻ, ഡയറക്‌ടർ വിനോദ് എന്നിവർ ഇ.ഡിക്ക് മൊഴി നൽകി. ഇതുപ്രകാരം ഫെഡറൽ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ വൈറ്റില ബ്രാഞ്ചുകളിൽ നിന്ന് 7.5 കോടി രൂപ കൈമാറി. അതിൽ 3.8 കോടി യു.എസ് ഡോളറാക്കി. പണവും ഡോളറും തിരുവനന്തപുരത്തു വച്ച് ഖാലിദിന്റെ കാറിന്റെ പിന്നിൽ വച്ചതായി സന്തോഷ് ഈപ്പൻ വെളിപ്പെടുത്തി. നിർണായകമായ ഈ മൊഴികളിൽ നിന്ന് സ്വർണക്കടത്ത് കേസിലും,ലൈഫ് ഭവനപദ്ധതി അഴിമതിയിലും യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ.