
കൊച്ചി: മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ലുലു ഗ്രൂപ്പിൽ സൗദി അറേബ്യയിലെ പബ്ളിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വലിയ നിക്ഷേപത്തിന് ഒരുങ്ങുന്നു. തുകയും മറ്റു വിശദാംശങ്ങളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ചെയർമാനായ
പബ്ളിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് ലോകത്തെ പ്രമുഖ കമ്പനികളിലായ 26,00,000 രൂപയുടെ നിക്ഷേപമുണ്ട്. അടുത്തിടെ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും നിക്ഷേപത്തിനായി പബ്ളിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനെ സമീപിച്ചിരുന്നു.
മാസങ്ങൾക്ക് മുമ്പ് അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ള എ.ഡി.ക്യു 8,000 കോടി രൂപ ലുലുഗ്രൂപ്പിൽ നിക്ഷേപിച്ചതാണ്. ജോർദാൻ, ഇറാഖ്, മൊറോക്കോ എന്നീ രാജ്യങ്ങളിൽ ബിസിനസ് വിപുലീകരിക്കാനാണ് ഈ നിക്ഷേപം ലുലു വിനിയോഗിക്കുക. അബുദാബി രാജകുടുംബാംഗമായ ഷെയ്ക്ക് തഹ്നോൻ ബിൻ സയദ് അൽ നഹ്യാൻ ചെയർമാനായ എ.ഡി.ക്യു. മേഖലയിലെ ഏറ്റവും വലിയ നിക്ഷേപസ്ഥാപനമാണ്.
ലുലു ഗ്രൂപ്പിലും ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുമായുള്ള സൗഹൃദവും വിശ്വാസവുമാണ് ഈ രാജ്യങ്ങളിലെ രാജകുടുംബങ്ങൾക്ക് ലുലുവിലെ വമ്പൻ നിക്ഷേപങ്ങൾ നടത്താൻ പ്രേരണയാകുന്നത്.
ലോകമെമ്പാടും ഷോപ്പിംഗ് സെന്ററുകളും, ഹൈപ്പർ മാർക്കറ്റുകളും, ഹോട്ടൽ ബിസിനസും നടത്തുന്ന ലുലു ഗ്രൂപ്പിന് 55,800 കോടി രൂപയുടെ വാർഷിക വിറ്റുവരവുണ്ട്. 194 ഹൈപ്പർമാക്കറ്റുകളും 55,000 ജീവനക്കാരും ലുലുവിനുണ്ട്. 22 രാജ്യങ്ങളിലായി ദിവസം 16 ലക്ഷം ഉപഭോക്താക്കളാണ് ലുലുവിന്റെ സേവനം നേടുന്നത്.