
കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരിൽ ചിലരെക്കുറിച്ച് അന്വേഷിക്കാൻ എൻ.ഐ.എ ഒരുങ്ങുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നയതന്ത്രബന്ധം കണക്കിലെടുത്ത് ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്ന് മുഹമ്മദ് ഷാഫി ഉൾപ്പെടെ ആറു പ്രതികൾ നൽകിയ ജാമ്യാപേക്ഷയിൽ എൻ.ഐ.എ വ്യക്തമാക്കി.
ചില കോൺസുലേറ്റ് ഉദ്യോഗസ്ഥർ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. യു.എ.ഇയിൽ അറസ്റ്റിലായ ഫൈസൽഫരീദ്, റബിൻസൺ എന്നിവരെ ചോദ്യം ചെയ്താൽ കൂടുതൽ വ്യക്തത വരും.വൻതോതിലുള്ള ഗൂഢാലോചനയാണ് സ്വർണക്കടത്തിനു പിന്നിലുള്ളതെന്നും മുപ്പതിലേറെ പ്രതികളുള്ള കേസിൽ അന്താരാഷ്ട്രതലത്തിൽ ബന്ധങ്ങളുണ്ടെന്നും എൻ.ഐ.എയ്ക്കുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി. വിജയകുമാർ വ്യക്തമാക്കി. പല പ്രതികളും വൻതോതിൽ തുക സ്വർണക്കടത്തിന് നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള ലാഭം വാങ്ങാതെ ഇവർ വീണ്ടും സ്വർണക്കടത്തിന് പണം നൽകി. 100 കോടിയിലേറെ രൂപയുടെ ഇടപാട് നടന്നിട്ടുണ്ട്.
85 ദിവസം അന്വേഷിച്ചിട്ടും തീവ്രവാദബന്ധം കിട്ടിയില്ലേ?
സ്വർണക്കടത്തു കേസിൽ 85 ദിവസമായി അന്വേഷണം നടത്തിയിട്ടും എൻ.ഐ.എയ്ക്ക് യു.എ.പി.എ ചുമത്താൻ പര്യാപ്തമായ തീവ്രവാദബന്ധത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ലേയെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ എൻ.ഐ.എ കോടതി വാക്കാൽ ചോദിച്ചു.
പ്രോസിക്യൂഷൻ പറയുന്നത് പോലെ സ്വർണക്കടത്തു നടത്തിയവരുടെ ഉദ്ദേശ്യം ശരിവച്ചാൽ, എല്ലാ കള്ളക്കടത്തുകേസിലും യു.എ.പി.എ ചുമത്തേണ്ടിവരുമെന്നും കോടതി പറഞ്ഞു. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിനു തീവ്രവാദ ബന്ധങ്ങളുണ്ടെന്ന് കേന്ദ്ര സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോ കഴിഞ്ഞ വർഷം ഒക്ടോബറിൽ എൻ.ഐ.എയ്ക്ക് മുന്നറിയിപ്പു നൽകിയിരുന്നെന്ന് എൻ.ഐ.എയുടെ അഭിഭാഷകൻ വിശദീകരിച്ചു. സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെയുള്ള സ്വർണക്കടത്തിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും നിർദേശിച്ചിട്ടുണ്ട്. മുംബയ് സ്ഫോടത്തിന് ദാവൂദ് ഇബ്രാഹിമിന്റെ സംഘം സ്വർണക്കടത്തിലൂടെയാണ് പണം കണ്ടെത്തിയത്. കൈവെട്ടു കേസിൽ കോടതി വെറുതേ വിട്ട പ്രതിയും സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എൻ.ഐ.എ ചൂണ്ടിക്കാട്ടി.
എന്നാൽ, പ്രതികളിൽ പലരും സ്വർണ ബിസിനസ് ചെയ്യുന്നവരാണെന്നും, തീവ്രവാദവുമായി ഇതിനെ എങ്ങനെ ബന്ധിപ്പിക്കുമെന്നും കോടതി ചോദിച്ചു. കഴിഞ്ഞ ദിവസം സന്ദീപ് നായർ സ്വമേധയാ കോടതിയിൽ നൽകിയ രഹസ്യമൊഴി പരിശോധിക്കാൻ ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറഞ്ഞേക്കും.