
കൊച്ചി : അൺ എയ്ഡഡ് സ്കൂളുകൾക്ക് വിദ്യാഭ്യാസാവകാശ നിയമപ്രകാരമുള്ള സർക്കാർ സഹായത്തിന് അർഹതയില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തിൽ ഫീസ് നൽകാൻ കഴിയാത്ത സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ സഹായം നൽകണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി കെ.പി. ആൽബർട്ട് നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസാവകാശ നിയമത്തിലെ എട്ടാം വകുപ്പനുസരിച്ച് സമീപത്തെങ്ങും സർക്കാർ, എയ്ഡഡ് സ്കൂളുകളില്ലെങ്കിലേ അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് സഹായം നൽകാൻ കഴിയുകയുള്ളുവെന്നും സർക്കാർ വിശദീകരിച്ചു.
സംസ്ഥാനത്ത് ആകെയുള്ള 14,000 സ്കൂളുകളിൽ 10,000 ലേറെയും സർക്കാർ, എയ്ഡഡ് സ്കൂളുകളാണ്. ഒരു വില്ലേജിൽ ഒരു സർക്കാർ - എയ്ഡഡ് സ്കൂളുകളെങ്കിലുമുണ്ട്. കുട്ടികൾക്ക് നടന്നുപോകാൻ കഴിയുന്ന ദൂരത്തിൽ ഇത്തരം സ്കൂളുകൾ ഉണ്ടെന്നിരിക്കെ വിദ്യാർത്ഥികൾ അൺ എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.