
കൊച്ചി: ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ടൊവിനോ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നും 24 മണിക്കൂർ നിരീക്ഷണത്തിന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു.'കള' എന്ന സിനിമയുടെ പിറവത്ത് നടന്ന ഷൂട്ടിംഗിനിടെയാണ് രണ്ടുദിവസം മുമ്പ് പരിക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ മറ്റൊരാളുടെ ചവിട്ട് വയറിൽ ഏൽക്കുകയായിരുന്നു. വേദനിച്ചെങ്കിലും ഷൂട്ടിംഗ് തുടർന്നു. ഇന്നലെ രാവിലെ വേദന വർദ്ധിച്ചതോടെ എറണാകുളം റിനൈ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഡോ. മനോജ്കുമാറിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധനകൾ നടത്തി. ആന്തരിക രക്തസ്രാവമുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് അധികൃതർ അറിയിച്ചു.