 
കൊച്ചി: ജില്ലാ കളക്ടർ എസ്. സുഹാസിന്റെ സ്നേഹാദരവിൽ ചോറ്റാനിക്കര രുഗ്മിണിദേവിക്ക് (75) താത്കാലികാശ്വാസമായി. താമസസ്ഥലം തേടിപ്പിടിച്ചെത്തിയ കളക്ടർ 20,000 രൂപ നൽകിയാണ് അതുല്യകലാകാരിയെ ആദരിച്ചത്.
ആറു പതിറ്റാണ്ടുകാലം മലയാള നാടകവേദിയിൽ നിറഞ്ഞുനിന്ന കലാകാരിയുടെ ജീവിതസായാഹ്നത്തിലെ അതിജീവനപോരാട്ടത്തിന്റെ ആദ്യവിജയം കൂടിയാണ് കളക്ടറുടെ കൈത്താങ്ങ്. വാർദ്ധക്യത്തിൽ നിരാലംബയായ രുഗ്മിണിദേവിക്ക് സ്വന്തമായി കിടപ്പാടവും നിത്യചെലവിന് വകയുമില്ല. പട്ടിണിയും രേഗദുരിതങ്ങളും വേട്ടയാടുന്ന ഇവർ കഴിഞ്ഞമാസം 25ന് കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിലെ റോഡരികിൽ പ്ലക്കാർഡുമേന്തി സത്യാഗ്രഹമിരുന്നു.
ചില ഉദ്യോഗസ്ഥർ കലാകാരിയെ ആട്ടിപ്പായിച്ചതിനെക്കുറിച്ച് കേരളകൗമുദി 26ന് പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട കോട്ടയം പത്മൻ എന്ന കലാകാരന്റെ ഇടപെടലിലാണ് ജില്ലാ കളക്ടർ വഴിയുള്ള അടിയന്തര സാമ്പത്തിക സഹായംവരെ കാര്യങ്ങൾ എത്തിയത്. 4500 രൂപവീതം നാലുമാസത്തെ വീട്ടുവാടക കുടിശികയാണ്. കളക്ടർ നൽകിയ പണംകൊണ്ട് കുടിശികതീർക്കാം. രുഗ്മിണിയുടെ പ്രശ്നങ്ങൾ പിന്നെയും ബാക്കിയാണ്.
നാടകശാല, കലാശാല, സൂര്യസോമ, ദേശാഭിമാനി, വൈക്കം മാളവിക, ശകുന്തള, നാഷണൽ, കൊച്ചിൻ നാടകവേദി, ആലപ്പി തിയേറ്റേഴ്സ് തുടങ്ങിയ സമിതികളിലും നെല്ലിക്കോട് ഭാസ്കരൻ, എൻ.എൻ. പിള്ള, തിലകൻ, എസ്.എൽ.പുരം, ശങ്കരാടി, മാള അരവിന്ദൻ, കുതിരവട്ടം പപ്പു തുടങ്ങിയ പ്രമുഖർക്കൊപ്പം നാടകനടിയായും ഇണയത്തേടി, എന്റെ ശത്രുക്കൾ, ഈ ശബ്ദം ഇന്നത്തെ ശബ്ദം സിനിമകളിൽ സഹനടിയായും വേഷമിട്ടു.
അമേരിക്ക ഉൾപ്പെടെ വിദേശത്തും സ്വദേശത്തും നൂറുകണക്കിന് വേദികളിൽ അഭിനയിച്ച് സമ്പാദിച്ചതെല്ലാം ഭർത്താവ് ധൂർത്തടിച്ചശേഷം ഉപേക്ഷിച്ചു. മക്കളായി രണ്ടു പെണ്ണും ഒരു ആണുമുണ്ട്. വൃക്കരോഗിയായ മകന് ജോലിയും വരുമാനവുമില്ല. ഭർത്താവ് ഉപേക്ഷിച്ചശേഷം സമ്പാദിച്ച കിടപ്പാടം മൂത്തമകൾക്ക് നൽകി. ഇവരുടെ വാടകവീട്ടിലെത്തിയ കളക്ടർ മകൾക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും മാതൃഹൃദയം വഴങ്ങിയില്ല. ''വേണ്ട സർ, അവർ സുഖമായി ജീവിക്കട്ടെ, എനിക്ക് എവിടെയെങ്കിലും തലചായ്ക്കാൻ ഒറ്റമുറി വീടും ആഹാരവും മതി'' എന്നായിരുന്നു രുഗ്മിണിദേവിയുടെ പ്രതികരണം.
കെ.എസ്. പത്മകുമാർ ( കോട്ടയം പത്മൻ)
സിനിമ- സീരിയൽ- നാടകനടനായ കോട്ടയം പത്മൻ എന്ന കെ.എസ്. പത്മകുമാറാണ് കേരളകൗമുദി വാർത്തയെത്തുടർന്ന് രുഗ്മിണിദേവിയുടെ രക്ഷയ്ക്കെത്തിയത്. വീട് സന്ദർശിച്ച പത്മകുമാർ സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കിയും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പബ്ലിക് റിലേഷൻസ് ഡയറക്ടർക്കും കേരളകൗമുദി വാർത്തയുടെ പകർപ്പ് അയച്ചുനൽകി. മന്ത്രിയുടെ ഓഫീസിൽ നിന്നാണ് കളക്ടറെ വിവരം അറിയിച്ചത്.