tpra-hc

കൊവിഡ് വ്യാപനത്തിന്റെ കണക്കു പറയുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. സ്ഥിതിഗതികൾ മെച്ചപ്പെട്ട് ജീവിതം സാധാരണ ഗതിയിലേക്ക് മാറുന്നുവെന്ന തരത്തിൽ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകരുത്. ഇതു പറഞ്ഞത് ത്രിപുര ഹൈക്കോടതിയാണ്. കൊവിഡ് രോഗത്തിന്റെ വ്യാപനം കേരളത്തിൽ തുടങ്ങിയ കാലം മുതൽ മുഖ്യമന്ത്രിയോ ആരോഗ്യവകുപ്പു മന്ത്രിയോ രോഗവ്യാപനത്തിന്റെ പ്രതിദിന കണക്കുകളുമായി മാദ്ധ്യമങ്ങളിലൂടെ പൊതുജനത്തിനു മുന്നിലെത്തുന്നുണ്ട്. ഒാരോ ദിവസത്തെയും രോഗബാധയുടെ സ്ഥിതി എന്താണെന്ന് വിലയിരുത്താനും ജാഗ്രതയുടെ ആവശ്യം പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്താനും ഇത്തരം നടപടികൾ അനിവാര്യമാണെന്ന് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അകിൽ കുറേഷി, ജസ്റ്റിസ് എസ്. താലപത്ര എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പറയുന്നത്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ത്രിപുര ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദമായി പരിശോധിക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടെത്തുന്നതുവരെ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയും സാമൂഹ്യ അകലം പാലിച്ചും രോഗത്തെ പ്രതിരോധിക്കുകയാണ് വഴി. ഇതിനായി പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് മാർക്കറ്റുകളിൽ എത്തുന്നവർ മാസ്ക് ധരിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് പറയുന്നു. കൊവിഡ് രോഗത്തിന്റെ പ്രതിദിന കണക്കുകൾ കേരളത്തിലെന്നപോലെ ത്രിപുരയിലും സർക്കാർ പുറത്തു വിടുന്നുണ്ട്. അടുത്തിടെ അവിടെ പരിശോധനയുടെ എണ്ണത്തിൽ കുറവുണ്ടായി. വിമാനമാർഗ്ഗവും മറ്റുമായി അഗർത്തലയിലെത്തുന്നവരിലെ പരിശോധനയുടെ എണ്ണത്തിൽ കുറവു വരുത്താൻ നയതീരുമാനമെടുത്തതാണെന്നും സർക്കാർ വിശദീകരിച്ചു. എന്നാൽ ഇത്തരമൊരു നടപടിയെ ഡിവിഷൻ ബെഞ്ച് വിമർശിക്കുകയാണ് ചെയ്തത്. സ്ഥിതി ഗതികൾ മെച്ചപ്പെട്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നു പറഞ്ഞ ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ വിശദീകരിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

 ലോക്കൽ ട്രെയിനുകളുടെ സർവീസ് കൂട്ടണം

മുംബയ് നഗരത്തിലെ ലോക്ക് ഡൗൺ വലിയൊരു വിഭാഗം ജനങ്ങളെയാണ് ദുരിതത്തിലേക്ക് തള്ളിയിട്ടത്. ഘട്ടം ഘട്ടമായി ഇപ്പോൾ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ മുംബയ് നഗരത്തിലെ അഭിഭാഷക സമൂഹം ഒരു പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സെൻട്രൽ റെയിൽവെയും വെസ്റ്റേൺ റെയിൽവെയും നടത്തുന്ന സബർബൻ ലോക്കൽ ട്രെയിനുകൾ സഞ്ചരിക്കാൻ അനുവാദമുള്ള അവശ്യ സർവീസ് ജീവനക്കാരുടെ പരിധിയിൽ അഭിഭാഷകരെയും രജിസ്ട്രേഡ് ഗുമസ്തരെയും ഉൾപ്പെടുത്തണം എന്നതായിരുന്നു ആവശ്യം. ഇൗ ഹർജി പരിഗണിക്കുമ്പോൾ സബർബൻ ട്രെയിൻ സർവീസുകളിൽ ആളുകളെ കുത്തി നിറച്ചു കൊണ്ടുപോകുന്നത് കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന ആശങ്കയാണ് മഹാരാഷ്ട്ര സർക്കാർ പങ്കു വച്ചത്. എന്നാൽ സബർബൻ ലോക്കൽ ട്രെയിനുകളുടെ സർവീസ് കൂട്ടി, സാമൂഹ്യ അകലം പാലിക്കുന്നെന്ന് ഉറപ്പാക്കി യാത്രക്കാരെ അനുവദിക്കുകയാണ് വേണ്ടതെന്ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് കുൽക്കർണി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഇത്തരമൊരു നടപടിയിലൂടെ വലിയൊരു ജനവിഭാഗത്തിന്റെ യാത്രപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇപ്പോൾ തന്നെ അവശ്യ സർവീസിലുൾപ്പെടുന്നവരാണെന്ന് വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി ആളുകൾ സഞ്ചരിക്കുന്നുണ്ടെന്ന് സർക്കാർ അഭിഭാഷക വിശദീകരിച്ചെങ്കിലും കോടതി വാദം അംഗീകരിച്ചില്ല. ഹോട്ടലുകൾ, മാളുകൾ തുടങ്ങിയവയൊക്കെ ഘട്ടം ഘട്ടമായി തുറക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു വാദത്തിൽ വലിയ കഴമ്പില്ലെന്ന നിലപാടാണ് ഡിവിഷൻ ബെഞ്ച് സ്വീകരിച്ചത്. അഭിഭാഷക സമൂഹത്തിനുൾപ്പെടെ സബർബൻ ട്രെയിനുകളിൽ സഞ്ചരിക്കാനുള്ള അനുമതി നൽകുന്ന കാര്യത്തിൽ വിശദീകണം നൽകാൻ നിർദ്ദേശിച്ചിട്ടുമുണ്ട്.