traffic
traffic

കൊച്ചി: നിയമം പാലിച്ചും പൊതുരക്ഷമ ലക്ഷ്യമിട്ടും വാഹനമോടിച്ചാൽ ആരും പെറ്രിക്കേസിൽ പിഴ അടയ്ക്കേണ്ടിവരില്ല. പറയുന്നത് മോട്ടോർ വാഹന വകുപ്പാണ്. ''ഞാൻ സ്വന്തം പണം മുടക്കി വാങ്ങിയ എന്റെ വാഹനത്തിൽ എനിക്കിഷ്ടമുള്ളതൊക്കെ ചെയ്യും, ഇഷ്ടംപോലെ നിരത്തിലോടിക്കും'' എന്നൊക്കെ വാശിപിടിച്ചാൽ നിന്നനില്പിൽ പതിനായിരങ്ങൾ പിഴ അടയ്ക്കേണ്ടിയും വരും. ഇതു പറയുന്നതും മോട്ടോർ വാഹന വകുപ്പ് തന്നെ.

നിയമലംഘനങ്ങൾക്കുള്ള പിഴ വർദ്ധിപ്പിക്കുകയും ഇ-ചെല്ലാൻ നടപ്പാക്കുകയും ചെയ്തതോടെ നിരത്തുകളിൽ ഉരുത്തിരിയുന്ന തർക്കത്തിന്റെ കാരണം തേടിയുള്ള അന്വേഷണം.

പെരുമ്പാവൂർ- മലയാറ്റൂർ റോഡിൽ എം.വി.ഐ ജോസഫ് ചെറിയാന്റെ നേതൃത്വത്തിൽ നടന്ന മോട്ടോർനാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് സംഘത്തിന്റെ വാഹനപരിശോധനയിൽ നിന്ന്.പൊതുവെ തിരക്കുകുറഞ്ഞ റോഡ്. അമിതവേഗതയിൽ അരോചകമായ ശബ്ദമുണ്ടാക്കി പാഞ്ഞെത്തിയ ബുള്ളറ്റ് ഉദ്യോഗസ്ഥർ കൈ കാണിച്ചുനിറുത്തി. ഇരുപത് വയസിനടുത്ത് പ്രായമുള്ള രണ്ട് ചെറുപ്പക്കാർ. ഒരാൾക്ക് മാത്രം ഹെൽമെറ്റ്. ഹെൽമെറ്റ് കേസ് ഒഴിവാക്കിയിട്ടും ബൈക്കിന് പ്രഥമദൃഷ്ടിയിൽ മൂന്ന് നിയമലംഘനങ്ങൾ കണ്ടെത്തി. റിയർവ്യൂ മിറർ ഇല്ല. പിൻഭാഗത്തെ നമ്പർ പ്ലേറ്റ് അവ്യക്തം. വാഹനത്തിന്റെ സൈലൻസറിൽ ഭേദഗതിവരുത്തി, പുകക്കുഴൽ പരിഷ്കരിച്ചിരിക്കുന്നു.

നിയമപ്രകാരം പിഴ ഈടാക്കിയാൽ ഓരോ കുറ്റത്തിനും കുഞ്ഞത് 3000 രൂപവീതം 9000 രൂപ നൽകണം. ഒരുതരത്തിലുള്ള ഇളവിനും സാദ്ധ്യതയില്ല. കാരണം ഇ- ചെല്ലാനാണ്. സോഫ്റ്റ്‌വെയർ നിയന്ത്രിതമായ ഓൺലൈൻ സംവിധാനത്തിൽ കുറ്റകൃത്യത്തിന്റെ കോഡ് രേഖപ്പെടുത്തിയാൽ തുക എത്രയെന്ന് നിശ്ചയിക്കുന്നത് ഉദ്യോഗസ്ഥരല്ല. അതുകൊണ്ട് ഉദ്യോഗസ്ഥർക്ക് നൽകാവുന്ന പരമാവധി ഇളവ്, ഉപദേശിച്ച് നന്നാക്കുക എന്നതാണ്. അതിനിടെ തർക്കിക്കാൻ പോയാൽ ഉപദേശത്തിന് പ്രസക്തിയില്ലാതെയുമാകും.

1. റിയർവ്യൂമിറർ

റിയർവ്യൂമിറർ ഇല്ലാത്ത വാഹനം റോഡിൽ ഓടിക്കാനെ പാടില്ല. അപകട സാദ്ധ്യത വളരെ കൂടുതലാണ്.

2. നമ്പർപ്ലേറ്റ്

എല്ലാ വാഹനങ്ങൾക്കും നമ്പർപ്ലേറ്റ് സ്ഥാപിക്കേണ്ടത് സംബന്ധിച്ച് 1959 ലെ മോട്ടോർവാഹനനിയമം 50, 51 വകുപ്പുകളിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്. അത് ലംഘിച്ചാൽ പിഴ അടയ്ക്കേണ്ടിവരും. കുറ്റകൃത്യം ആവർത്തിച്ചാൽ വാഹനം അധികൃതർ പിടിച്ചെടുത്തെന്നും വരും.

എന്തുകൊണ്ട് നമ്പർ പ്ലേറ്റ്

1.ഒരു വാഹനം വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുന്നതുൾപ്പെടെ എന്തെങ്കിലും അപകടമുണ്ടാക്കി നിറുത്താതെ പോയാൽ ആർക്കും നിശ്ചിത അകലത്തിൽ നിന്ന് പിന്നിലെ നമ്പർ വായിക്കാൻ സാധിക്കണം.

2.ബൈക്കിൽ എത്തി മാലപറിക്കുന്നതും മറ്റ് കവർച്ചകൾ നടത്തുന്നതും പതിവാണ്. ഇത്തരം ക്രിമിനലുകളെ പിടികൂടണമെങ്കിലും വാഹനത്തിന്റെ നമ്പർപ്ലേറ്റാണ് പ്രധാന തെളിവ്.

3.മോട്ടോർ വാഹനവകുപ്പ്, പൊലീസ് അധികാരികളെ വെട്ടിച്ചുകടന്നുകളയുന്ന വാഹനത്തിന്റെ ഉടമയെ, ഡ്രൈവറെ പിടികൂടാനും നമ്പർപ്ലേറ്റ് കൃത്യമായി വായിക്കാനാകണം.

4. നിരീക്ഷണ കാമറകളുടെ പ്രവർത്തനം സുഗമമാകാനും നമ്പർ പ്ലേറ്റിന്റെ നിലവാരം അനിവാര്യമാണ്.

3. സൈലൻസറിലെ കൃത്രിമം

അരോചകമായ ശബ്ദം വഴിയാത്രക്കാരെ മാത്രമല്ല, റോഡരുകിൽ താമസിക്കുന്ന വീടുകളിലും ആശുപത്രികളിലും മറ്റ് സ്ഥാപനങ്ങളിലുമൊക്കെ ശബ്ദമലിനീകരണം മൂലമുള്ള അസ്വസ്ഥതയുണ്ടാക്കും. വീടുകളിലും ആശുപത്രിയിലുമൊക്കെ ഉറങ്ങിക്കിടക്കുന്ന കൊച്ചുകുട്ടികളും രോഗികളും ഞെട്ടിയുണരാനും അവർക്ക് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. വാഹനത്തിന്റെ ശബ്ദത്തിൽ ക്രമീകരണം വരുത്തുന്നതോടെ അതിനനുസരിച്ച് വേഗതകൂട്ടുകയും അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്യും.

നമ്പർപ്ലേറ്റിന്റെ ഘടന

ബൈക്ക്, ഓട്ടോറിക്ഷ : 200X 100 മില്ലിമീറ്റർ

എൽ.എം.വി, പാസഞ്ചർ കാർ : 340X 200 മില്ലിമീറ്റർ, 500X 120 മില്ലിമീറ്റർ

വലിയവാഹനങ്ങൾ : 340X 200 മില്ലിമീറ്റർ