കൊച്ചി: സംസ്ഥാനത്തെ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ തകർക്കാനാണ് സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് കേരള സപ്ളൈകോ സപ്ളയേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2019 ആഗസ്റ്റ് മുതൽ സാധനങ്ങൾ വിതരണം ചെയ്ത വകയിൽ കോടിക്കണക്കിന് രൂപയാണ് കുടിശികയായി സപ്ളൈകോ നൽകാനുള്ളത്. ഇതിനു പുറമെ ഓരോ വർഷവും ഒരു ഉത്പന്നത്തിന് രണ്ടായിരം രൂപ വച്ച് സപ്ളൈകോയ്ക്ക് നൽകണമെന്ന സർക്കുലർ അംഗീകരിക്കാൻ കഴിയില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇതുവഴി ഓരോ കമ്പനിക്കും രണ്ടുകോടി മുതൽ പതിനൊന്നുകോടി രൂപ വരെയാണ് അധിക ബാദ്ധ്യതയുണ്ടാകുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. സലിം, ജനറൽ സെക്രട്ടറി നിസാറുദീൻ പാലക്കൽ, ട്രഷറർ ആർ.പി. സ്വാമി എന്നിവർ പറഞ്ഞു.സപ്ളൈകോയെ തകർക്കാൻ ഉദ്യോഗസ്ഥ ലോബി ശ്രമിക്കുകയാണെന്നും അസോസിയേഷൻ നേതാക്കൾ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് സലിം കെ.കെ, ജനറൽ സെക്രട്ടറി നിസാറുദ്ദിൻ എൻ. പാലക്കൽ എന്നിവർ പങ്കെടുത്തു.