കൊച്ചി: മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ളാന്റുകൾ നിർമ്മിക്കാനുള്ള പദ്ധതിയുടെ കരാർ വ്യവസ്ഥകളിൽ മാറ്റംവരുത്തി ടെൻഡർ ചെയ്യാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് മുൻ മേയറും കോൺഗ്രസ് നേതാവുമായ ടോണി ചമ്മിണി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്തെ എട്ടു ജില്ലകളിലാണ് പ്ളാന്റുകൾ നിർമ്മിക്കുന്നത്. പദ്ധതിയുടെ കരാർ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡത്തിന്റെ വ്യവസ്ഥ പുതുക്കി ടെൻഡർ ചെയ്യുന്നതിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് നിലവിൽ മാലിന്യസംസ്കരണത്തിനായി ചെലവാകുന്നതിന്റെ ഇരട്ടിതുക ചെലവഴിക്കേണ്ടി വരും. കരാർ നേടുന്ന കമ്പനികൾക്ക് ഭീമമായ സാമ്പത്തിക ലാഭം തട്ടിയെടുക്കാൻ സാധിക്കുകയും ചെയ്യും. കരാറിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച കമ്പനികളുടെ ആവശ്യപ്രകാരം കരാർ വ്യവസ്ഥകളിൽ മാറ്റംവരുത്തിയതിൽ ദുരൂഹതയുണ്ട്.

മാലിന്യസംസ്കരണം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയായിരിക്കെ വ്യവസായ വികസനത്തിനായുള്ള സർക്കാർ ഏജൻസിയായ കെ.എസ് ഐ.ഡി.സിയെ പദ്ധതിയുടെ നിർവഹണ ഏജൻസിയാക്കുന്നത് കേന്ദ്ര നിയമത്തിന്റെ ലംഘനമാണ്. ന്യൂഡെൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐ.ആർ.ജി സിസ്റ്റംസ് സൗത്ത് ഏഷ്യ എന്ന സ്വകാര്യ സ്ഥാപനത്തെ പദ്ധതിയുടെ കൺസൾട്ടന്റായി തിരഞ്ഞെടുത്തതിൽ ദുരൂഹതയുണ്ടെന്നും ടോണി ചമ്മിണി പറഞ്ഞു.