കോലഞ്ചേരി: കരിമുഗൾ റോഡിലെ കാണിനാട്ടിലെ 'കുപ്പിക്കഴുത്ത് ' അപകടങ്ങൾ പതിവായി. ഇരു വശത്തു നിന്നും വീതി കൂടി വരുന്ന റോഡ് കാണിനാട് കുരിശിനു സമീപം എത്തുമ്പോൾ പെട്ടെന്ന് വീതി കുറയുന്നതാണ് അപകടങ്ങൾക്ക് കാരണം.ഇന്നലെ രാവിലെ മുന്നിൽ പോയ ടോറസ് ടിപ്പറിടിച്ച് റോഡരുകിൽ നിന്ന വീണ് മരക്കൊമ്പ് ബസിനു മുകളിൽ വീണതാണ് ഒടുവിലുണ്ടായ സംഭവം.മരക്കൊമ്പ് വീണെങ്കിലും ആർക്കും അപകടമില്ലാതെ രക്ഷപ്പെട്ടു. ടോറസ് ലോറി ഇടിച്ച് ഒടിഞ്ഞ പോസ്റ്റ് മാറ്റാൻ വന്ന ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർക്കു വരെ വാഹന അപകടത്തിൽ പരിക്കേറ്റു.എറണാകുളം ഭാഗത്തേയ്ക്കുള്ള നിർമ്മാണ സാമഗ്രികളുമായി ടിപ്പറുകളും ചീറിപ്പായുന്ന വഴിയാണിത്.
റോഡ് വീതി കുറഞ്ഞത് കൈയ്യേറ്റം കാരണം
റോഡിന് ഇരുവശവും സ്വകാര്യ വ്യക്തികൾ കൈയ്യേറി മതിൽ കെട്ടിയതിനാലാണ് വീതി കുറഞ്ഞത്. റോഡിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പുത്തൻകുരിശ് പഞ്ചായത്തിന്റെ ആവശ്യപ്രകാരം താലൂക്ക് സർവേയർ ഭൂമി അളന്നു തിട്ടപ്പെടുത്തി തരണമെന്നാവശ്യപ്പെട്ടിട്ട് ഒരു വർഷം മുമ്പ് അപേക്ഷ നല്കിയെങ്കിലും നാളിതു വരെ തീരുമാനമായിട്ടില്ല.
അപകടം പതിവ്
മൂന്നാഴ്ച മുമ്പ് ഇവിടെ ടോറസ് ലോറി വൈദ്യുത പോസ്റ്റിലിടിച്ചിരുന്നു. രണ്ടുമാസം മുമ്പ് ഇരുചക്ര വാഹനയാതക്കാരനും അപകടത്തിൽ പരിക്കേറ്റു. ബി.എം,ബി.സി നിലവാരത്തിൽ റോഡ് ടാർ ചെയ്തിരിക്കുന്നതിനാൽ വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങൾക്ക് കാരണമാണ്.ഒരു വർഷത്തിനിടയിൽ പന്ത്റണ്ടോളം അപകടങ്ങളാണ് ഇവിടെ നടന്നത്. അമ്പലമുകൾ ഭാഗത്തുനിന്ന് വരുന്ന കണ്ടെയ്‌നർ,ടാങ്കർ ലോറികൾ ഈ വഴിയാണ് പെരുമ്പാവൂർ കടയിരുപ്പ് ഭാഗത്തേക്ക് പോകുന്നത്.