swapna

കൊച്ചി : ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ പ്രതികൾ അധോലോക ഇടപാടാണ് നടത്തിയതെന്നും, ഇതിന് യുണിടാക് ബിൽഡേഴ്സിനെ തിരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും സ്വപ്ന സുരേഷും ചേർന്നാണെന്നും ഹൈക്കോടതിയിൽ സി.ബി.ഐ. അതേസമയം, സംസ്ഥാന സർക്കാരോ ഉദ്യോഗസ്ഥരോ വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്നും, വിദേശസഹായ നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റം ലൈഫ് മിഷനെതിരെ നിലനിൽക്കില്ലെന്നും സർക്കാർ വാദം. നിയമവിരുദ്ധമായി വിദേശസഹായം സ്വീകരിച്ചെന്നാരോപിച്ച് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സർക്കാരിനു വേണ്ടി ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസും യുണിടാക് ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഇൗപ്പനും നൽകിയ ഹർജികളിൽ ഇന്നലെ വാദം പൂർത്തിയായതോടെ സിംഗിൾബെഞ്ച് ഹർജികൾ വിധി പറയാൻ മാറ്റി.

ഹവാല ഇടപാട്

നടന്നിട്ടില്ല: സർക്കാർ

രാഷ്ട്രീയ വിരോധത്തെത്തുടർന്നുള്ള കേസാണ്. പത്തുലക്ഷം ദിർഹം മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി യൂണിടാക്, സാൻവെഞ്ച്വേഴ്സ് എന്നീ കമ്പനികൾക്കാണ് യു.എ.ഇ റെഡ് ക്രസന്റ് നൽകിയത്. വിദേശ സഹായ നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ല. കള്ളപ്പണം വെളുപ്പിക്കലോ ഹവാല ഇടപാടോ നടന്നിട്ടില്ല. അഴിമതിയുണ്ടെങ്കിൽ അന്വേഷിക്കേണ്ടത് സി.ബി.ഐയല്ല, വിജിലൻസാണ്. സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കടന്നുകയറി അന്വേഷിക്കുന്നത് ഫെഡറൽ സംവിധാനത്തെ തകർക്കും. സി.ബി.ഐ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത എഫ്.ഐ.ആറിൽ മൂന്നാം പ്രതി ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഉദ്യോഗസ്ഥരാണ്. എന്നാൽ, കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിൽ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരെന്നാണ് പറയുന്നത്.

യുണിടാക് വ്യാജ

കമ്പനി : സി.ബി.ഐ

പ്രതികൾക്കുളള കമ്മിഷൻ തുക കിട്ടിക്കഴിഞ്ഞാണ് സ്വപ്ന സുരേഷ് യുണിടാക് എം.ഡി സന്തോഷ് ഇൗപ്പനെ ശിവശങ്കറുമായി കൂടിക്കാഴ്ചയ്ക്കു വിളിച്ചത്. ഇൗ കൂടിക്കാഴ്ചയ്ക്കിടെയാണ് ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിനെ വിളിപ്പിച്ചത്. അപ്പോഴാണ് വടക്കാഞ്ചേരിയിലെ പദ്ധതിയെക്കുറിച്ച് യു.വി. ജോസ് അറിഞ്ഞത്. ലൈഫ് മിഷനിലെ ഒരുദ്യോഗസ്ഥയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഇതിൽ പങ്കുണ്ട്.

യുണിടാക് വ്യാജ കമ്പനിയാണ്. യു.വി. ജോസ് പ്രതിയാകുമോയെന്ന് ഇപ്പോൾ പറയാനാവില്ല. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. മുദ്ര വച്ച കവറിൽ കേസ് ഡയറി ഇന്നു നൽകും. 2017ൽ സംസ്ഥാനത്തെ അഴിമതിക്കേസുകൾ സി.ബി.ഐ അന്വേഷിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇപ്പോൾ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം നിയമപരമല്ലെന്ന വാദമുന്നയിച്ച് കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നത്. കെട്ടിടങ്ങളുടെ പ്ളാൻ ഹാബിറ്റാറ്റ് തയ്യാറാക്കിയിരുന്നു. തിരുവനന്തപുരം കൂടിക്കാഴ്ചയിൽ സന്ദീപ് നായർ ഇതു കൈമാറിയെന്ന് സന്തോഷ് ഇൗപ്പന്റെ മൊഴിയുണ്ട്. ഇതെങ്ങനെ സന്ദീപിന്റെ കൈയിലെത്തി ? 40 ശതമാനം കമ്മിഷനാണ് പ്രതികൾ ചോദിച്ചത്. 30 ശതമാനം (3.80 കോടി) സ്വപ്നയും കൂട്ടരും വാങ്ങി. ഇതിനാൽ, നിർമ്മിച്ചു നൽകേണ്ട കെട്ടിടങ്ങളുടെ എണ്ണം കുറച്ചു