corona

കൊച്ചി: ദിവസവും നൂറുകണക്കിന് പേരെത്തുന്ന മദ്യവില്പനശാലകളിലെ ജീവനക്കാർക്ക് കൊവിഡ് പരിശോധന നടത്താത്തത് ആശങ്ക സൃഷ്ടിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രായമായവർ ഉൾപ്പെടെ എത്തുന്നുണ്ട്. ഇതുവരെ ജീവനക്കാരുടെ കൊവിഡ് പരിശോധനകൾ നടത്തിയിട്ടില്ല. ജില്ലയിലെ ഭൂരിഭാഗം ബിവറേജസ് കോർപ്പറേഷൻ, കൺസ്യൂമർഫെഡ് ശാഖകൾക്ക് മുന്നിലും നീണ്ടനിരയാണ്. പലയിടങ്ങളിലും നിയന്ത്രണങ്ങൾ കടലാസി​ൽ മാത്രം.

പ്രതിദിനം ആയിരം പേർ വരെ എത്തുന്ന ബിവറേജ് ഔട്ട്‌ലെറ്റുകൾ വരെ ജില്ലയിലുണ്ട്. മാസ്‌ക് നിർബന്ധമാക്കുകയും സാനിറ്റൈസർ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഔട്ട്‌ലൈറ്റുകൾക്ക് മുന്നിൽ സാമൂഹ്യാകലം പാലിക്കപ്പെടാറില്ല. കൊവി​ഡ് പരിശോധന ആവശ്യപ്പെട്ട് അധികൃതർക്ക് ജീവനക്കാർ പരാതി നൽകി.
സംസ്ഥാനത്താകെ 265 ബിവറേജസ്, 40 കൺസ്യൂമർ ഫെഡ് വില്പനശാലകളാണുള്ളത്. വെയർഹൗസുകളിലും ജീവനക്കാരുണ്ട്. കരാർ ജീവനക്കാരെ കൂടാതെ 1,271 ബെവ്കോ ജീവനക്കാരും 172 കൺസ്യൂമർ ഫെഡ് ജീവനക്കാരുമുണ്ട്. എറണാകുളം ജില്ലയിൽ മാത്രം 37 വില്പനശാലകളും മൂന്നു വെയർഹൗസുകളുമുണ്ട്.

ടോക്കൺ ഫലപ്രദമല്ല
കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ ടോക്കൺ​ സംവിധാനം നിലവിലുണ്ടെങ്കിലും പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും തിരക്ക് കാര്യക്ഷമായി നിയന്ത്രിക്കാൻ സാധിക്കുന്നില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ പോലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മദ്യം വാങ്ങാൻ എത്തുന്നത്. ജീവനക്കാർ പണം വാങ്ങുന്നതിനൊടൊപ്പം തന്നെ ഉപഭോക്താക്കളുമായി സംസാരിക്കുക കൂടി ചെയ്യുന്നവരാണ്. പലപ്പോഴും വെയർഹൗസുകളിലെക്കും ഔട്ട്‌ലെറ്റുകളിലേക്കും മദ്യം കയറ്റി ഇറക്കുമ്പോൾ കയറ്റിറക്കു തൊഴിലാളികളുമായി ജീവനക്കാർ സമ്പർക്കത്തിൽ ഏർപ്പെടുന്നു.

ടെസ്റ്റ് നടത്തേണ്ടത് അനിവാര്യം

കേന്ദ്രസംസ്ഥാന സർക്കാരുകൾ തന്നെ കർശന നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കുന്ന സാഹചര്യത്തിൽ വിദേശമദ്യ വില്പനശാലകളിലും വെയർഹൗസുകളിലും ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും കൊവിഡ് ടെസ്റ്റ് നടത്തണം.ഭയാശങ്കകൾ നീക്കുന്നതിനു നടപടി സ്വീകരിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ബിവറേജ് കോർപ്പറേഷൻ എം.ഡിയ്ക്ക് അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്. സത്വരമായ നടപടി സ്വീകരിക്കുന്നതിനൊടൊപ്പം തന്നെ കർശനമായി സുരക്ഷാ മാനദണ്ഡം ഉറപ്പാക്കണം.

ബാബു ജോർജ്
ജനറൽ സെക്രട്ടറി
വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി)